കൊച്ചു വലിയ സര്കീട്ടുകളും കാഴ്ചകളും അതിനിടയില്‍ ആവശ്യത്തിനു തമാശും അനവരതം തീനും പാനീയങ്ങളും എല്ലാം കൂടി ചേര്‍ന്ന കമ്പനിയില്‍ പെട്ട ഏവര്‍ക്കും സു സ്വാഗതം. കാല ദേശ ഭേദമില്ല വെട്ടു വഴിയും രാജ പാതയുമില്ല തട്ട് കടയും അഞ്ചു നക്ഷത്രോം ഇല്ല...കണ്ടതും കേട്ടതും തിന്നതും കുടിച്ചതും ഒപ്പം പറ്റിയ അബദ്ധങ്ങളും പരസ്പരം ഇവിടെ കുറിയ്ക്കാം...ചില്ലറ പാചക വിധികളും.. കോക്ക് ടെയിലുകളും കൂടി ആയാല്‍ ശാപ്പാട്ട് രാമന് ഒരു ഏമ്പക്കം കൂടി....
2024, ജൂലൈ 28, ഞായറാഴ്‌ച
മത പ്രീണനം
മത പ്രീണനം
മതങ്ങൾ രാഷ്ട്രീയത്തിൽ ഇടപെടരുത് എന്ന് രാഷ്ട്രീയക്കാർ പൊതുവെ പറയുമെങ്കിലും മതത്തെ രാഷ്ട്രീയവുമായി കൂട്ടിക്കെട്ടി നേട്ടങ്ങൾ കൊയ്യാനാണ് ഈ നാട്ടിലെ ചെറുതും വലുതുമായ രാഷ്ട്രീയ പാർട്ടികൾ ശ്രമിച്ചിട്ടുള്ളത്. ഇന്ത്യ എന്ന വലിയ ഭൂമികയിൽ മഹാഭൂരിപക്ഷം വരുന്ന ഹൈന്ദവരുടെ വോട്ട് ആരാണോ സമാഹരിക്കുന്നത് അവരായിരിക്കും രാജ്യം ഭരിക്കുക. ബിജെപി ഈ മത്സരത്തിൽ വലിയ നേട്ടം കൊയ്യുന്നുണ്ട് എന്ന് മനസിലാക്കിയ പാവങ്ങളുടെ ഡൽഹി പാർട്ടി തങ്ങളുടെ പാർട്ടി അധികാരത്തിൽ വന്നാൽ ക്രിസ്ത്യാനികൾക്കും , മുസ്ലീങ്ങൾക്കും ഹിന്ദുക്കൾക്കും അവരവരുടെ തീർഥാടന കേന്ദ്രങ്ങളിലേക്ക് സർക്കാർ ചെലവിൽ സൗജന്യ യാത്ര ആണ് പ്രകടന പത്രികയിൽ വാഗ്ദാനം ചെയ്തത്. കേരളവും പശ്ചിമ ബംഗാളും ഒക്കെ പോലെ ന്യൂന പക്ഷങ്ങൾക്ക് വലിയ സ്വാധീനം ഉള്ള സംസ്ഥാനങ്ങളിൽ പ്രീണനം നടത്തുന്നത് ന്യൂനപക്ഷങ്ങളെ വശത്താക്കാനാണ് . ന്യൂന പക്ഷങ്ങളിൽ തന്നെ ഏറ്റവും വോട്ടുള്ള ന്യൂന പക്ഷം ഏതാണോ അവരെ പ്രീണിപ്പിക്കാനാണ് ഓരോ രാഷ്ട്രീയ പാർട്ടികളും മത്സരിക്കുന്നത്.
ഇരുപത്തിയൊന്നാം നൂറ്റാണ്ടിലേക്ക് പ്രവേശിച്ചിരിക്കുന്ന ഈ കാലഘട്ടത്തിലും ശിലായുഗത്തിൽ നിന്ന് മോചനം ലഭിക്കാത്ത ആളുകളെയാണ് കാണാൻ കഴിയുന്നത്. ഇതിന്റെ പൂർണമായ ഉത്തരവാദിത്വം രാഷ്ട്രീയക്കാർക്ക് മാത്രമാണ്. അവർ പരസ്പരം പഴിചാരി ഏതെങ്കിലും പക്ഷം ചേർന്ന് ജനങ്ങളുടെ മത വിശ്വാസത്തെയും, അന്ത വിശ്വാസത്തെയും ഊട്ടി ഉറപ്പിക്കുകയാണ് ചെയ്യുന്നത്. ഇവരുടെ ഏറ്റവും വലിയ ശത്രു മത വിമർശകർ ആണ്. അവർ നടത്തുന്ന ഉത്തരവാദിത്വമുള്ള വിമർശനങ്ങളെ മുഖ വിലക്കെടുക്കാതെ കേസിൽ കുടുക്കുവാനും മത മൗലീക വാദികളുടെ ആക്രമണങ്ങൾക്ക് വിട്ടു കൊടുക്കുവാനുമാണ് ഉത്സുകരാകുന്നത് . അന്തമായ മത ചിന്തകളിൽ ജനം മുഴുകി കിടന്നാൽ മാത്രമേ ഭരണത്തിലെ വൈകല്യങ്ങൾ അവർ അറിയാതിരിക്കൂ. അഴിമതിയും, സ്വജന പക്ഷപാതവും യദേഷ്ടം നടത്തണമെങ്കിൽ ജനം മത മത്ത് പിടിച്ച് പരസ്പ്പരം തമ്മിലടിക്കണം.
രാഷ്ട്ര മുന്നേറ്റത്തിന് ഏറ്റവും ആവശ്യമായിട്ടുള്ളത് ഉത്തര വാദിത്തമുള്ള ഒരു ജനതയാണ്. മതങ്ങൾ മനുഷ്യന്റെ സൃഷ്ട്ടിയാണെന്നും, മനുഷ്യത്വവും, സഹകരണവും, സഹോദര്യവുമാണ് ആവശ്യമെന്നും പ്രാദേശികവും , ദേശീയവുമായ ഭിന്നതകൾ മറന്ന് ലോകത്തുള്ള ജനങ്ങൾ എല്ലാം ഹോമോസാപ്പിയൻസ് എന്ന വലിയ കുടുംബത്തിലെ അംഗങ്ങളാണെന്നും മനസിലാക്കി ഒരു പുതിയ ലോകത്തിലേക്ക് ലോക ജനതയെ നയിക്കേണ്ടുന്നവർ ചെന്നായ്ക്കളെപ്പോലെ പതുങ്ങി നിൽക്കുമ്പോൾ ആ ദൗത്യം ഏറ്റെടുത്ത് മുന്നോട്ട് വരുന്നത് സ്വതന്ത്ര ചിന്തകർ ആണ്. ഹിന്ദു മതത്തിലും, ക്രിസ്തു മതത്തിലും ഒക്കെ സ്വതന്ത്ര ചിന്തകരെ കാണാമെങ്കിലും ഇസ്ലാം മതത്തിൽ അത് വളരെ കുറവായിരുന്നു. എന്നാൽ ആ കുറവ് നികത്തി വലിയൊരു നിര തന്നെ ഇപ്പോൾ ഉയർന്നു വന്നിട്ടുണ്ട്. ജബ്ബാർ മാഷും , ആരിഫ് ഹുസൈനും ഒക്കെ നയിക്കുന്ന ഈ മുന്നേറ്റം ഇസ്ലാം മതത്തിൽ ഒരു വലിയ ചലനം ഉണ്ടാക്കിയിട്ടുണ്ട്.
മുവാറ്റുപുഴ നിർമല കോളേജിൽ മുസ്‌ലിം വിദ്യാർത്ഥികൾ നിസ്‌കരിക്കാൻ മുറി ആവശ്യപ്പെട്ടുകൊണ്ട് പ്രിൻസിപ്പലിനെ ഖൊരാവോ ചെയ്തപ്പോൾ അതിനെ എതിർത്തുകൊണ്ട് ഇസ്ലാം മത സ്വതന്ത്ര ചിന്തകർ തന്നെ മുന്നോട്ടു വന്നത് മനോഹരമായ ഒരു കാഴ്ചയാണ്. വിദ്യാർത്ഥികൾ പഠിക്കാനാണ് വരുന്നത്. പ്രാർത്ഥിക്കാനല്ല. അടുത്തുള്ള മോസ്‌ക്കിൽ പോയി പ്രാർത്ഥിക്കാൻ സർക്കാർ തന്നെ എല്ലാ വെള്ളിയാഴ്ചകളിലും ഉച്ചക്ക് കൂടുതൽ സമയം അനുവദിക്കുന്നുണ്ട്. എന്നാൽ പെൺകുട്ടികൾക്ക് മോസ്‌ക്കുകളിൽ നിസ്‌കരിക്കാൻ അനുവാദം ഇല്ലാത്തതിനാൽ കോളേജിൽ അതിന് അനുവാദം വേണം എന്ന ആവശ്യം അന്യായമാണെന്നും മോസ്‌ക്കിൽ ആൺകുട്ടികളെപ്പോലെ നിസ്‌ക്കരിക്കാനുള്ള അവകാശത്തിനു വേണ്ടി മത മേധാവികളോട് സംസാരിക്കുക ആണ് വേണ്ടതെന്നും അവർ കുട്ടികളെ ഉപദേശിക്കുമ്പോൾ ആ മതത്തിൽ ഒരു നവോത്ഥാനത്തിന്റെ അലയൊലി കേൾക്കാൻ കഴിയുന്നുണ്ട്. ആത്മീയർ ആയി ജീവിക്കുമ്പോൾ തന്നെ തെറ്റായ മത പഠനങ്ങളിൽ നിന്ന് ഓരോ മതത്തിലും പെട്ട വിദ്യാർത്ഥികൾ പുറത്ത് കടക്കുകയും , രാഷ്ട്രീയക്കാരുടെ കളിപ്പാവകളാകാതെ , രാഷ്ട്രനിർമിതിയിൽ പങ്കു ചേരുകയും ചെയ്യേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.
2024, ജൂലൈ 17, ബുധനാഴ്‌ച
അഹുര മസ്ദാൻ
അഹുര മസ്ദാൻ
അഹൂര മസ്ദാൻ എന്ന് കേൾക്കുമ്പോൾ ഏതോ അധോലോക നേതാവിന്റെ പേരാണ് ആദ്യം മനസിലേക്ക് വരിക. എന്നാൽ ഇത് പാഴ്സികളുടെ ആരാധ്യ ദേവൻ ആണ് എന്നറിയുമ്പോൾ അൽപ്പം കൗതുകം കലർന്ന ആകാംഷ ജനിക്കും. പാഴ്സി മതം ഹിന്ദു , യഹൂദ മതങ്ങളോടൊപ്പം തന്നെ പഴമ അവകാശപ്പെടാവുന്ന ഒരു മതം ആണ്. 40 നൂറ്റാണ്ടുകളുടെ പഴക്കം ഈ മതത്തിനുണ്ട്. എന്നാൽ ഒരു ശരാശരിക്കാരന് ഈ മതത്തെക്കുറിച്ചു കാര്യമായൊന്നും അറിയില്ല. അതിനു കാരണം ഇത് ഒരു മിഷനറി മതം അല്ല എന്നതാണ്. മറ്റു മതക്കാർക്ക് പാഴ്സി മതത്തിലേക്ക് മത പരിവർത്തനം ചെയ്യാൻ കഴിയില്ല. ഇറാനിൽ ആണ് പാഴ്സി മതത്തിന്റെ പിറവി എങ്കിലും ഇസ്ലാം മതം ശക്തി പ്രാപിച്ചതോടെ എട്ടാം നൂറ്റാണ്ടിൽ ഇറാനിൽ നിന്ന് പാഴ്സികൾ പലായനം ചെയ്ത് ലോകത്തിന്റെ നാനാ ഭാഗങ്ങളിലേക്കും പോയി . ഇന്ത്യയിലുമുണ്ട് ഗണ്യമായ ഒരു പാഴ്സി സമൂഹം. ദാദാഭായ് നവറോജി, ഹോമി ജെ ഭാഭാ , രത്തൻ ടാറ്റ, ഫിറോസ് ഗാന്ധി ഇവരെല്ലാം ഇന്ത്യയിലെ പ്രധാന പാഴ്സി മതക്കാർ ആയിരുന്നു. പാഴ്സി മതത്തെക്കുറിച്ച് പഠിച്ചാൽ മതങ്ങൾ എല്ലാം തന്നെ മനുഷ്യന്റെ നിർമിതികൾ ആണെന്ന് ബോധ്യപ്പെടും.
ബിസി 18,00 നും 1500 നുമിടയിൽ കിഴക്കൻ യൂറോപ്പിലെ സ്റ്റെപ്പസ് പ്രദേശത്തു നിന്നും ഭക്ഷണവും, ജലവും സുഖകരമായ താമസവും അന്വേഷിച്ച് പുറപ്പെട്ട ജനസമൂഹത്തിലെ ഒരു കൂട്ടർ സിന്ധു നദി കടന്ന് ഇന്ത്യയിലും മറ്റൊരു കൂട്ടർ ഇറാനിലും എത്തി ചേർന്നു . ഇന്ത്യയിൽ എത്തിച്ചേർന്നവർ ഇൻഡോ ആര്യൻസ് എന്നും ഇറാനിൽ എത്തി ചേർന്നവർ ഇൻഡോ ഇറാനിയൻസ് എന്നും അറിയപ്പെട്ടു. ഒരേ ഭാഷയും ഒരേ വിശ്വാസവും പിന്തുടർന്ന ഇവർ കാലാന്തരത്തിൽ വ്യത്യസ്ത ഭാഷ സംസാരിക്കുന്നവർ ആയി മാറി. ഇന്ത്യയിലെ ഭാഷ സംസ്‌കൃതം ആയപ്പോൾ ഇറാനിൽ അത് അവസ്റ്റൻ എന്നാണ് അറിയപ്പെട്ടത്. ഒരേ പ്രദേശത്തു നിന്ന് വന്നവർ ആയതിനാൽ വേദകാല വിശ്വാസങ്ങളിൽ നമുക്ക് പരിചയമുള്ള അസുരന്മാരും ദേവന്മാരും അവരുടെയും വിശ്വാസത്തിന്റെ ഭാഗമായിരുന്നു. ഒരേയൊരു വ്യത്യാസം ഉള്ളത് ഇന്ത്യയിൽ ദേവന്മാർ സത്ഗുണമുള്ളവർ ആയി അറിയപെട്ടപ്പോൾ ഇറാനിൽ അസുരന്മാർ ആയിരുന്നു നന്മയുടെ അവതാരങ്ങൾ. ഇന്ത്യയിൽ ദേവന്മാരുടെ നേതാവായി ദേവേന്ദ്രൻ ആരാധിക്കപെട്ടപ്പോൾ , ഇറാനിൽ അസുരന്മാരുടെ നേതാവായി വഴിക്കപ്പെട്ടതു വരുണൻ ആയിരുന്നു. സംസ്‌കൃതത്തിൽ എസ് എന്ന ശബ്‍ദം അവസ്റ്റനിൽ ഹ ആയി മാറും. അസുരൻ അങ്ങനെ അഹുരൻ ആയി. അഹുര മസ്ദാൻ എന്നാൽ വരുണാസുരൻ എന്നാണർഥം . ബുദ്ധിയുടെയും അറിവിന്റെയും ദേവൻ .
ഇന്ത്യയിൽ വേദകാല ദൈവങ്ങൾക്കും മുകളിൽ ത്രിമൂർത്തികകളും അവർക്കും മുകളിൽ ബ്രമ്മം എന്ന ദാർശനിക സങ്കൽപ്പവും ആയി ഹിന്ദുമതം രൂപം കൊണ്ടപ്പോൾ ഇറാനിൽ അഹുരമസ്ദാൻ എന്ന വരുണാസുരൻ ഏക ദൈവമായി മസ്ദായിസം അഥവാ സൊറാസ്ട്രേണിയിസം എന്ന മതം രൂപമെടുത്തു. ഒരു നാൾ സരാതുഷ്ട്ര എന്ന യുവാവിന് അഹുരമസ്ദാൻ പ്രത്യക്ഷനാകുന്നു. ഈ ലോകവും സർവ ചരാചരങ്ങളും തന്റെ സ്രഷ്ട്ടിയാണെന്നും ഇനി മുതൽ തന്റെ പ്രവാചകൻ ആയി ജനങ്ങളുടെ ഇടയിൽ പ്രവർത്തിക്കണമെന്നും അഹുര മസ്ദാൻ കൽപ്പിക്കുന്നു . അങ്ങനെ സോറാസ്ട്രിയനിസം എന്ന മതം രൂപം കൊള്ളുന്നു. പിൽക്കാല അബ്രഹാമിക് മതങ്ങളിലെ പ്രവാചക സങ്കൽപ്പങ്ങളും സൊറാസ്ട്രിയനിസത്തിൽ നിന്ന് വന്നതാവാനേ തരമുള്ളു.
അബ്രഹാമിക്ക് മതങ്ങളിലെ പ്രളയവും, തുടർന്ന് ദൈവം ഭൂമിയിലെ സർവ ചരാചരങ്ങളിലെയും ഓരോന്നിനെ വീതം നോഹിനോടൊപ്പം പേടകത്തിൽ കയറ്റി രക്ഷിക്കുകയും ചെയ്ത കഥ നമുക്കറിയാം. അതേ കഥ തന്നെയാണ് ഈ മതങ്ങൾക്ക് ഒപ്പമോ മുമ്പോ രൂപം കൊണ്ട സരാതുഷ്ട്ര മതത്തിനും പറയാനുണ്ടായിരുന്നത്. അബ്രഹാമിക്ക് മതങ്ങളിൽ നോഹ ആയിരുന്നു രക്ഷകൻ എങ്കിൽ ഹിന്ദു മതത്തിൽ അത് മനു വും ,സൊരാസ്ട്രിയനിസത്തിൽ യിമ യും ആയിരുന്നു രക്ഷകർ.
സെൻറ് അവസ്‌റ്റ വായിക്കുമ്പോൾ നമ്മൾ അമ്പരക്കും. ഇസ്ലാം ക്രിസ്ത്യൻ , ജൂദ മതങ്ങൾ തങ്ങളുടെ മത ഗ്രന്ധത്തിൽ പറയാത്ത ഒരു കാര്യവും ലോകത്തിൽ ഇല്ലെന്നും അവരുടെ പുസ്തകങ്ങളിൽ നിന്ന് ഒന്നും വിട്ടു കളയാനും കൂട്ടി ചേർക്കാനും ഇല്ല എന്നും പറയുന്നത് പോലെ തന്നെ ആണ് അഹൂര മസ്ദാന്റെ നിർദേശങ്ങൾ അടങ്ങുന്ന സെൻറ് അവസ്റ്റയും. ഒരു മനുഷ്യന്റെ ജീവിതത്തിൽ വരാവുന്ന എല്ലാ മുഹൂർത്തങ്ങളിലും എങ്ങനെ ഒക്കെ പെരുമാറണം എന്നതുൾപ്പെടെ വിവാഹം, സ്വത്ത്, മൃഗങ്ങളെ അറക്കുന്നത്, പട്ടികളെ കൈകാര്യം ചെയ്യുന്നത് , മരണാന്തര ജീവിതം എന്ന് വേണ്ട ചെറുതും വലുതുമായ സമസ്ത കാര്യങ്ങളെ കുറിച്ചും അവരുടെ വിശുദ്ധ ഗ്രന്ധത്തിൽ ഉണ്ട് എന്നാണു വിശ്വാസം. ഒരു പക്ഷെ ക്രിസ്ത്യൻ , ഇസ്ലാം മതങ്ങളെ പോലെ സൊറാസ്ട്രിയനിസം മിഷനറി മതമായിരിക്കുകയും വെട്ടിപ്പിടിക്കാനും മതം മാറ്റാനും രാജാക്കന്മാർ കൂട്ടിനും ഉണ്ടായിരുന്നെങ്കിൽ ഇന്ന് ലോക ജനതയിലെ ഭൂരിഭാഗവും സൊറസ്ട്രിൻമാരാവുമായിരുന്നു എന്നോർക്കുന്നത് രസകരം തന്നെ.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)