2023, ഡിസംബർ 13, ബുധനാഴ്‌ച

ഹമാസിന്റെ ക്രൂരത

ഇസ്രയേലും പലസ്റ്റീനും തമ്മിലുള്ള യുദ്ധം അവസാനം ഇല്ലാതെ തുടരുകയാണ്. ലോകത്തിന്റെ പല ഭാഗത്തും റാലികൾ നടക്കുന്നു. എല്ലാവരും ഏതാണ്ട് പലസ്റ്റീന്റെ ഒപ്പം ആണ്. പതിനെണ്ണായിരത്തോളം പലസ്റ്റീനികൾ ആണ് ഡിസംബർ പകുതി ആകുമ്പോൾ മരണപ്പെട്ടിട്ടുള്ളത്. ഇസ്രായേലിന് നൂറിനടുത്ത സൈനികരും, 1200 സിവിലിയന്മാരും, നഷ്ട്ടപെട്ടിട്ടുണ്ട്. ഇരുന്നൂറോളം തടവുകാരിൽ നൂറോളം പേരെ തിരിച്ചു കിട്ടിയിട്ടുമുണ്ട്. അതിശയിപ്പിക്കുന്ന കാര്യം യുദ്ധം തുടങ്ങാൻ ഇസ്രയേലിനെ നിർബന്ധിച്ച സാഹചര്യം ആളുകൾക്ക് പ്രശനം അല്ല എന്നതാണ്. ബന്ദി ആക്കി കൊണ്ടുപോയവരെ വിട്ടുകൊടുത്ത് യുദ്ധം അവസാനിപ്പിക്കാൻ ആരും പറഞ്ഞു കേൾക്കുന്നില്ല. എന്താണ് ഹമാസ് ഉദ്ദേശിക്കുന്നതെന്ന് മനസിലാകുന്നുമില്ല. ഹമാസിനെ എല്ലാവരും ന്യായീകരിച്ചു. പോരാളികൾ എന്ന് വിളിച്ച് പ്രോത്സാഹിപ്പിച്ചു. അതുകൊണ്ടു തന്നെ ഇസ്രായേൽ തിരിച്ചടിച്ചപ്പോൾ മരണമടഞ്ഞ പതിനായിരങ്ങളുടെ ജീവനും, തകർന്നടിഞ്ഞ പട്ടണങ്ങൾക്കും , വീടുകൾക്കും,സ്വപ്നങ്ങൾക്കും മറുപടിപറയേണ്ടത് ഹമാസിന്റെ ഒപ്പം അവരെ പ്രോത്സാഹിപ്പിച്ച ലോക ജനത തന്നെയാണ്. ഒക്ടോബർ 7 ലേക്കല്ല നോക്കേണ്ടത്, അതിനുമുമ്പുള്ള സംഭവങ്ങളെ മറന്നുകളയരുത് എന്നാണ് ഹമാസ് അനുകൂലികൾ പറയുന്നത്. അതിനു മുമ്പത്തെ സംഭവങ്ങൾ എന്താണെന്ന് ചരിത്രം പരിശോധിച്ചാൽ മനസിലാകും. ഇരുമ്പയുഗം തീരും മുമ്പേ പലസ്റ്റീൻപ്രദേശത്ത് താമസം തുടങ്ങിയവർ ആണ് യഹൂദന്മാർ. അസ്സീറിയക്കാരുടെയും ബാബിലോണിയരുടെയും കൊടിയ പീഡനത്തെ അതിജീവിക്കാൻ യഹൂദർക്കൊഴികെ പലസ്തീൻ പ്രദേശത്തുണ്ടായിരുന്ന മറ്റൊരു ജനതക്കും കഴിഞ്ഞില്ല. ഇസ്ലാം മതം പലസ്തീനിൽ വരുന്നത് AD 7 -ഴാം നൂറ്റാണ്ടോടെയാണ്. അത് വരെ പലസ്തീനിൽ 72 ശതമാനം ക്രിസ്ത്യാനികളും 17 ശതമാനം യഹൂദരും ഉണ്ടായിരുന്നു. ബാക്കി ശമര്യാക്കാരും . ഖലീഫ ഉമ്മർ നയിച്ച ആക്രമണത്തിൽ രാജ്യം മാത്രമല്ല മതവും ഉപേക്ഷിക്കേണ്ടി വന്ന ഒരു ജനത ആയിരുന്നു അന്ന് പലസ്തീനിൽ . യഹൂദർ മതം മാറ്റത്തെ ചെറുത്തപ്പോൾ ക്രിസ്ത്യാനികൾക്കും , ശമര്യക്കാർക്കും അതിന് കഴിഞ്ഞില്ല. പലസ്റ്റീനിൽ അറബികൾ സ്ഥിരതാമസം ആക്കാൻ തുടങ്ങിയ സമയമായിരുന്നു അത്. അവിടം മുതൽ പാലസ്റ്റീന്റെ കഥ മറ്റൊന്നാണ്. ഇസ്രായേൽ രാഷ്ട്രം 1948 ൽ ഔപചാരികമായി പ്രഖ്യാപിക്കുമ്പോൾ പലസ്തീനിൽ യഹൂദരുടെ ജനസംഖ്യ 38 ശതമാനം ആയിരുന്നു. ആ ചെറിയ രാജ്യത്തെ ജീവിക്കാൻ സമ്മതിക്കാതെ അറബ് സഖ്യ രാജ്യങ്ങൾ എത്ര എത്ര യുദ്ധങ്ങൾ ചെയ്തു. ഒരു സ്വതന്ത്ര പലസ്തീൻ ഉണ്ടാക്കി ജീവിക്കാൻ ശ്രമിക്കാതെ ഇസ്രായേൽ എന്ന രാഷ്ട്രത്തെ ഇല്ലാതാക്കാൻ ആദ്യകാലത്ത് PLO ഒളിപ്പോരുമായി രംഗത്ത് വന്നു. അവർ സമാധാനത്തിന്റെ പാത സ്വീകരിച്ചപ്പോൾ ഹമാസ് തീവ്ര നിലപാടുമായി രംഗത്ത് വന്നു. നാലുപാടും ശത്രുക്കൾ വളഞ്ഞിരിക്കുന്നതിനാൽ ഇസ്രായേൽ മതിലുകൾ കെട്ടി സ്വയം രക്ഷിക്കാൻ ശ്രമിച്ചു. ഓരോ പലസ്തീൻകാരെയും സംശയത്തോടെ നോക്കാൻ തുടങ്ങി. അത് പലസ്തീൻകാരനോടുള്ള വിവേചനമായും പീഡനമായും മാറി. ഇസ്രയേലിന്റെ ഭയം ആണ് പലസ്തീൻകാരന്റെ യാതനക്ക് പിന്നിൽ. പരസ്പര വിശ്വാസവും, സഹകരണവും ആണ് അതിനുള്ള മരുന്ന്. ലോകത്തെ ഒരു ശക്തിക്കും തകർക്കാൻ പറ്റാത്തത്ര ശക്തമായ ഒരു രാഷ്ട്രം ആണ് കേരളത്തിന്റെ പകുതി മാത്രം വലിപ്പമുള്ള ഇസ്രായേൽ. അതിനെ തോൽപ്പിക്കാൻ എങ്ങനെ ഹമാസിന് കഴിയും? സ്വന്തം ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ ഹമാസിന് കഴിയുന്നില്ല. ഏതു ഭീകര സംഘടനയും ചെയ്യും വിധം ഭൂമിക്കടിയിൽ അവർ മറഞ്ഞിരിക്കുകയാണ് . ആശുപത്രികളുടെയും സ്‌കൂളുകളുടെയും കീഴെ ഭീകര താവളങ്ങൾ തീർത്ത് ജനത്തെ കുരുതി കൊടുക്കുന്ന ഈ സംഘടനാ വിമർശിക്കപ്പെടേണ്ടതാണ്. നമ്മുടെ മതമോ, രാഷ്ട്രീയമോ അതിന് തടസമാവരുത്. യുദ്ധം അവസാനിപ്പിക്കാൻ ഹമാസ് കീഴടങ്ങുക തന്നെ വേണം. അല്ലെങ്കിൽ ടണലുകളിൽ നിന്ന് പുറത്ത് വന്ന് ധീരമായി യുദ്ധം ചെയ്യണം. പലസ്തീൻ കാരനും ഒരു സ്വപ്നം ഉണ്ട്. ഈ ഭൂമിയിലെ വായു ശ്വസിച്ച് , പ്രകൃതി ആസ്വദിച്ച്, മക്കളും കൊച്ചുമക്കളുമായി അവർക്കും സമാധാനത്തോടെ ഇവിടെ ജീവിക്കണം. അതിന് സമാധാനം സ്ഥാപിക്കപ്പെടണം. ഭീകര സംഘടനകൾ ഇല്ലാതാവുകയും, ജനാധിപത്യ സംവിധാനങ്ങൾ ഉണ്ടാവുകയും വേണം.

അഭിപ്രായങ്ങളൊന്നുമില്ല: