2023, ഡിസംബർ 10, ഞായറാഴ്‌ച

ിലിസ്ത്യർ.

പലസ്റ്റീൻ ഇസ്രായേൽ സംഘർഷത്തിന്റെ സമയത്ത് അറിഞ്ഞിരിക്കേണ്ട ഒരു കൂട്ടർ കൂടിയുണ്ട് അവരാണ് ഫിലിസ്ത്യർ. ഇന്നത്തെ പലസ്തീൻ , ഇസ്രായേൽ പ്രദേശങ്ങൾ ആയ ഗാസ, എസ്കേലോൺ, അഷോട് , ഗെത്ത് , എക്രോൺ തുടങ്ങിയ പ്രദേശങ്ങളിൽ ആണ് ഫിലിസ്ത്യർ താമസിച്ചിരുന്നത്.BC പന്ത്രണ്ടാം നൂറ്റാണ്ടിൽ യൂറോപ്പിൽ നിന്ന് കുടിയേറിയ കടൽക്കൊള്ളക്കാർ ആയിരുന്നു ഫിലിസ്ത്യർ. ഫിലിസ്ത്യ എന്ന വാക്കിൽ നിന്നാണ് പലസ്തീൻ എന്ന വാക്ക് തന്നെ രൂപം കൊണ്ടത്. എന്നാൽ ഇന്നത്തെ പലസ്റ്റീൻ കാരും ഈ ഫിലിസ്ത്യരും തമ്മിൽ കാര്യമായ ബന്ധം ഒന്നും തന്നെയില്ല. പരസ്പരം കൃഷി നശിപ്പിക്കുക , ദേവാലയങ്ങൾ തീയിട്ടു നശിപ്പിക്കുക , ആളുകളെ കൊല്ലുക ഇതൊക്കെ ആണ് ഇസ്രയേലും ഫിലിസ്ത്യരും തമ്മിൽ നിത്യേന എന്നവണ്ണം അക്കാലങ്ങളിൽ നടന്നിരുന്നത് . ബൈബിൾ വായിച്ചിട്ടില്ലാത്തവർക്ക് ഈ ഫിലിസ്ത്യരെ അത്ര കണ്ട് പരിചയം ഉണ്ടാവില്ല. എന്നാൽ ഗോലിയാത്തിനെ തോൽപ്പിച്ച ദാവീദിനെ അറിയാത്തവർ ആയി ആരും ഉണ്ടാവില്ല. ഗോലിയാത്ത് ഒരു ഫിലിസ്ത്യൻ ആയിരുന്നു. ദാവീദ് ഇസ്രായേലുകാരനും . അത് പോലെ തന്നെയാണ് സാംസന്റെ കഥയും . ഇസ്രായേലി യോദ്ധാവ് ആയിരുന്നു സാംസൺ. സാംസൺ ഒറ്റയ്ക്ക് തന്നെ അനേകായിരം ഫിലിസ്ത്യരെ കൊന്നൊടുക്കിയിട്ടുണ്ട് . തങ്ങളുടെ ഈ വലിയ ശത്രുവിനെ ഏതു വിധേനയും നിഗ്രഹിക്കാൻ ഫിലിസ്ത്യർ തക്കം പാർത്തു നടന്നു. ദലീല എന്നൊരു ഫിലിസ്റ്റിയ പെൺകുട്ടിയെ അവർ അതിനായി ഉപയോഗിച്ചു .അവളുടെ പ്രണയ കുരുക്കിൽ വീണ് സാംസൺ ഫിലിസ്ത്യരുടെ തടവിലായെങ്കിലും അനേകായിരം ഫിലിസ്ത്യരുടെ ജീവനെടുത്തുകൊണ്ട് സ്വയം മരണം വരിച്ചാണ് സാംസൺ അതിന് പ്രതികാരം ചെയ്തത് . വലിയ ശത്രുക്കൾ ആയിരുന്നെങ്കിലും ദുരന്തങ്ങൾ ഒരുമിച്ചാണ് ഇരു കൂട്ടരും അനുഭവിച്ചത്‌. ആദ്യം അസ്സീറിയാക്കാരുടെ ആക്രമണം. പിന്നെ നെബുക്കത് നാസ്സറുടെയും. ഒരു പാട് ഫിലിസ്ത്യക്കാരും ഇസ്രയേല്യരും കൊല്ലപ്പെട്ടു. ചിലർ അടുത്ത രാജ്യങ്ങളിലേക്ക് പലായനം ചെയ്തു. ഗണ്യമായ ഒരു ജനതയെ ബാബിലോണിയയിലേക്ക് അടിമകൾ ആയി പിടിച്ച് കൊണ്ട് പോയി. പിന്നീട് പേർഷ്യാക്കാർ ബാബിലോൺ ആക്രമിച്ചപ്പോൾ യഹൂദന്മാർ മോചിപ്പിക്കപ്പെട്ട് ഇസ്രായേലിലേക്ക് മടങ്ങിയെങ്കിലും ഫിലിസ്ത്യർക്ക് ഒരു മടക്കമുണ്ടായില്ല.അവർ ബാബിലോണിയരുമായി ഇടകലർന്നു സ്വന്തം അസ്തിത്വം നഷ്ട്ടപെടുത്തിക്കഴിഞ്ഞിരുന്നു. BC 63 ൽ റോമാക്കാർ ലെവന്ത് പ്രദേശങ്ങൾ ( ഇസ്രായേൽ , ജോർദാൻ, ഫിലിസ്ത്യ തുടങ്ങിയ ദേശങ്ങൾ) ആക്രമിച്ചു . ധാരാളം യഹൂദന്മാർ വീണ്ടും പ്രവാസികൾ ആയി. അവശേഷിച്ച ഫിലിസ്ത്യരും ഒരു ചെറു ജനസമൂഹം ആയി അപ്പോഴും ഉണ്ടായിരുന്ന യഹൂദരും, ശമര്യക്കാരും ഒക്കെ റോമൻ ഭരണത്തിന്റെ കീഴിൽ പലസ്റ്റീനിൽ കഴിയുന്ന നാളുകളിൽ ആണ് യേശുവിന്റെ ജനനം. പിന്നീട് ക്രിസ്തുമതം പ്രചരിച്ചപ്പോൾ നല്ലൊരു വിഭാഗം യഹൂദരും, ഫിലിസ്ത്യക്കാരും, ശമര്യക്കാരും അടങ്ങുന്ന ജനത ക്രിസ്ത്യാനികൾ ആയി മാറി. AD ഏഴാം നൂറ്റാണ്ടിൽ ഖലീഫ ഉമ്മർ ഈ പ്രദേശം ആക്രമിച്ചപ്പോൾ പാലസ്റ്റീനിൽ ആകെ ജനസംഖ്യയിൽ 17 ശതമാനം യഹൂദരും, 11ശതമാനം ശമര്യക്കാരും, 72 ശതമാനം ക്രിസ്ത്യാനികളും ആയിരുന്നു. ഖലീഫ ഉമ്മറിന്റെ കൂടെ ധാരാളം അറബ് മുസ്‌ലിംസ് ഈ പ്രദേശത്ത് എത്തിച്ചേരുകയും സ്ഥിരതാമസം ആക്കുകയും ചെയ്തു. കാലക്രമത്തിൽ നല്ലൊരു ശതമാനം യഹൂദ ക്രിസ്ത്യാനികളും, ശമര്യക്കാരും ഇസ്‌ലാം മതത്തിലേക്ക് പരിവർത്തനം ചെയ്യപ്പെടുകയോ പലായനം ചെയ്യുകയോ ചെയ്തതോടെ പലസ്റ്റീനിലെ ജനസംഖ്യയിൽ ഭൂരിഭാഗം മുസ്‌ലിം ജനവിഭാഗം ആയി മാറി. ഇന്നത്തെ പലസ്റ്റീൻകാരുടെ വേരുകൾ തേടി പോയാൽ നമ്മൾ ചെന്നെത്തുക , യഹൂദരിലും, മണ്മറഞ്ഞു പോയ ഫിലിസ്റ്റിയരിലും , ശമര്യക്കാരിലും, അറബികളിലും ഒക്കെയാണ്.

അഭിപ്രായങ്ങളൊന്നുമില്ല: