2021, ഒക്‌ടോബർ 22, വെള്ളിയാഴ്‌ച

നമ്മുടെ ദൈവങ്ങൾ

ഈശ്വര വിശ്വാസം മനുഷ്യൻ ചിന്തിക്കാൻ തുടങ്ങിയ കാലം മുതൽ ഉണ്ടായിരുന്നു . പ്രകൃതി ശക്തികളുമായി മല്ലടിച്ചു ജീവിതം മുൻപോട്ട് കൊണ്ടുപോകേണ്ടി വന്നപ്പോൾ , കാറ്റും മഴയും മിന്നലും ഇടിയുമെല്ലാം ഓരോ ദേവന്മാരുടെ പേരിലും നമ്മൾ ചാർത്തി കൊടുത്തു. മൃഗങ്ങളും ദൈവങ്ങളുടെ പട്ടികയിൽ ഇടം നേടിയിട്ടുണ്ട്. ദേവ പ്രീതിക്ക് വേണ്ടി നരബലി തന്നെ നമ്മുടെ പൂർവികർ നടത്തി. ദൈവങ്ങളുടെ പേരിൽ പരസ്പരം ചേരി തിരിഞ് ആക്രമിച്ചു. നൂറ്റാണ്ടുകൾ മുന്നോട്ട് വന്നപ്പോൾ നമ്മുടെ അറിവുകൾ വളർന്നു. പുതിയ ചിന്തകൾ കടന്നു വന്നു. പഴയ ദൈവങ്ങളെ നമ്മൾ മാറ്റി. പകരം പുതിയ ദൈവങ്ങൾ .... അഴകും ആരോഗ്യവും ഒത്തു ചേർന്ന ദേവന്മാരു ദേവികളുടെയും രൂപത്തിൽ ….. ലോകത്ത് എല്ലായിടത്തെയും ഇത് തന്നെ ആയിരുന്നു അവസ്ഥ. അപ്പോഴും പക്ഷെ ദൈവത്തിന്റെ പേരിൽ നമ്മൾ കലഹം തുടർന്ന് കൊണ്ടേയിരുന്നു . ആ കലഹം ഇന്ന് പുതിയ രൂപത്തിൽ ഹിംസാത്മകമായി മാറിയിരിക്കുന്നു. യുക്തി ചിന്ത മനുഷ്യന് ജന്മസിദ്ധമായി ലഭിച്ചതാണ്. ഈ യുക്തി ചിന്തയിലൂന്നിയാണ് ശാസ്ത്രംവളർന്നത്.ശാസ്ത്രനേട്ടങ്ങൾനിത്യജീവിതത്തിൽഅനുനിമിഷം പ്രയോജനപ്പെടുത്തുമ്പോഴും നമ്മിൽ പലരിലും ശാസ്ത്ര ബോധം അരികിൽ കൂടിപ്പോലും പോയതായി കാണുന്നില്ല. യുക്തി ഇല്ലായ്മയുടെ ഒന്നാമത്തെ ഉദാഹരണം ആണ് നമ്മുടെ ദൈവ സങ്കല്പംതന്നെ .പ്രധാനപ്പെട്ട മൂന്നു മതങ്ങൾ ആണ് ഇന്ത്യയിൽ ഉള്ളത്. ക്രിസ്തുമതവും, ഇസ്ലാം മതവും, ഹിന്ദു മതവും. മൂന്ന് മതങ്ങളിലും വ്യത്യസ്ത ദൈവങ്ങൾ ആണ് ഉള്ളത്. ഓരോ മതത്തിലെ ദൈവങ്ങളും സർവ വ്യാപിയും, സർവശക്തനും, മനുഷ്യരൂപിയും ആണ്. ക്രിസ്തുമതത്തിലും, ഇസ്ലാം മതത്തിലും ഏക ദൈവ വിശ്വാസം നിലനിൽക്കുമ്പോൾ ഹിന്ദുക്കൾ ആകട്ടെ മുപ്പത്തി മുക്കോടി ദൈവങ്ങളെ ആരാധിക്കുന്നവർ ആണ്. അൽപ്പം പോലും യുക്തി ബോധം ഇല്ലാതെ ആണ് എല്ലാ മതസ്ഥരുടെയും ദൈവങ്ങളിൽ ഉള്ള വിശ്വാസം. സാധാരണ ഭാഷയിൽ യുക്തി ചിന്ത എന്നത് നിരീശ്വര വാദം എന്നാണ് നമ്മൾ ധരിക്കുക. എന്നാൽ യുക്തി വാദികൾ നിരീശ്വര വാദികൾ അല്ല. യുക്തി പൂർവം കാര്യങ്ങൾ മനസിലാക്കുന്നവർ ആണ്. പടിഞ്ഞാറൻ യുക്തിവാദ ചിന്തയുടെ ആചാര്യൻ ആയ റെനേ ദേകർത്തെ തുടങ്ങി ഉള്ള ചിന്തകർ എല്ലാം തന്നെ ദൈവത്തിന്റെ അസ്തിത്വത്തെ അടിവരയിടുന്നവർ ആണ്. പക്ഷെ അവരുടെ ദൈവസങ്കല്പം നമ്മുടെ ദൈവസങ്കല്പത്തിൽ നിന്നും വ്യത്യസ്തമാണ്. ആ ദൈവം നമ്മുടെ മുൻനിര ദൈവങ്ങളെപ്പോലെ ശാസിക്കുകയോ , അനുഗ്രഹിക്കുകയോ, ആഹ്ലാദിക്കുകയോ ഒന്നും ചെയ്യില്ല. നമ്മൾ പൂജിച്ചാലും ഇല്ലെങ്കിലും ആ ദൈവം നമ്മളോട് വിരോധം വയ്ക്കില്ല. ദൈവം നാമ രൂപങ്ങൾക്കും അപ്പുറമാണ്. എല്ലാ തരത്തിലുമുള്ള ഗുണങ്ങൾക്കും അതീതമാണ്. അത് പ്രപഞ്ച ശക്തി ആണ്. ആ ശക്തിയെ ആരാധിക്കാൻ ഒരു വഴിയേ ഉള്ളു...പ്രാർത്ഥന അല്ല നല്ല ഇടപെടൽ . അന്യരെ സ്നേഹിച്ചില്ലെങ്കിലും അവരുമായി സഹവർത്തിത്തത്തിൽ ജീവിക്കാൻ ശ്രമിക്കുമ്പോൾ നമ്മൾ ദൈവത്തോട് ചേർന്ന് നിൽക്കുന്നു. നമ്മുടെ നിലനിപ്പിനു മാത്രമുള്ളത് സ്വീകരിച്ചു എല്ലാവരുമായി വിഭവങ്ങൾ പങ്കുവയ്ക്കുമ്പോൾ നാം ദൈവത്തോട് ഒപ്പം ആണുള്ളത് പ്രകൃതിയെ നശിപ്പിക്കാതെ സംരക്ഷിച്ചാൽ നമ്മുടെ ഭാവി ഉറപ്പാക്കി ദൈവവും നമുക്കൊപ്പം ഉണ്ടാവും. ഇത് തന്നെ ആണ് ശങ്കര വേദാന്തത്തിൽ പറയുന്ന നിർഗുണ പരബ്രഹ്മവും. ഒരു ഗുണവും ഇല്ലാത്തതു എന്നല്ല എല്ലാ ഗുണവും ഒരു പോലെ കൂടി ചേർന്നത് വഴി എല്ലാ ഗുണങ്ങൾക്കും അതീതമായി നിലനിൽക്കുന്നത് ആണത് . ഈ ദൈവം പോരെ മനുഷ്യന്. ഇപ്പോഴുള്ള ദൈവങ്ങളെ ഉപേക്ഷിക്കാൻ നമുക്ക് മനസുവരില്ല. അതുകൊണ്ട് നമ്മൾ ആരാധനാ തുടരുക. പക്ഷെ ഈശ്വരനും അള്ളായും , ക്രിസ്തുവും, ബുദ്ധനും ജൈനനും എല്ലാം ഒരേ ദൈവത്തിന്റെ വ്യത്യസ്ത രൂപങ്ങളും നാമങ്ങളും ആണ് എന്ന് മനസിലാക്കാൻ വൈകുന്നിടത്താണ് നമ്മളിലെ വർഗീയ വാദികൾ സജ്ജരാകുന്നത്. നമ്മുടെ ദൈവത്തിൽ വിശ്വസിക്കാത്തവർ എല്ലാം നരകത്തിൽപോകുമെന്നും സത്യ ദൈവം നമ്മുളുടേതു മാത്രമാണെന്നും ആ ലക്ഷ്യത്തിനു വേണ്ടി മറ്റുള്ളവരെ കൊന്നൊടുക്കുന്നത് പുണ്യപ്രവർത്തിയാണ് എന്ന് ചിന്തിക്കുകയും ചെയ്യുന്നത് എന്ത് യുക്തിയുടെ പേരിൽ ആണ്? നമ്മുടെ ഒട്ടു മിക്ക ശാസ്ത്രജ്ഞൻ മാരും , ഡോക്ടർമാരും , അധ്യാപകരും കവികളും വലിയ പണ്ഡിതന്മാരും ഒക്കെ അവരവരുടെ ദൈവത്തിന്റെ അടുത്ത് മാത്രം മുട്ടുകുത്തുന്നവരും ദേവപ്രീതിക്കു വേണ്ടി അധര വ്യായാമം ചെയ്യുന്നവരുമാണ് . യുക്തി ബോധം ഇല്ലാത്ത ഒരു തലമുറ വളരുന്നത് ഇവരുടെ ശിക്ഷണത്തിലാണ് . കൃത്യമായ ഇടവേളകളിൽ മാത്രം ദൈവത്തോട് പ്രാർത്ഥിക്കാതെ ജീവിതം തന്നെ ഒരു പ്രാർത്ഥന ആക്കി മാറ്റുക ആണ് വേണ്ടത്.

അഭിപ്രായങ്ങളൊന്നുമില്ല: