2026 മാർച്ച് 21, ശനിയാഴ്‌ച

ജാതി യുദ്ധങ്ങൾ

സ്വന്തം ജാതി ഏറ്റവും മഹത്തരമാണെന്ന് സമർത്ഥിക്കാനുള്ള ഉത്സാഹം ജാതിവ്യവസ്ഥ നിലനിൽക്കുന്ന സമൂഹങ്ങളിൽ പതിവാണ്. സ്വാഭാവികമായി ഇതിന്റെ ഉറവിടം മതങ്ങളിൽ ചെന്നെത്തുന്നു. അതിൽ തന്നെ ഇത് ഏറ്റവും പ്രകടമായി കാണുന്നത് ഹിന്ദു മതത്തിൽ ആണ് . വർണ്ണവ്യവസ്ഥകൾ സൃഷ്ട്ടിക്കുന്ന ജാതീയതയുടെ പേരുദോഷം മുഴുവൻ സ്വാഭാവികമായും ബ്രാഹ്മണരിലും സവർണ്ണ ജനതയിലും ആണ് ചെന്ന് ചേരുന്നത്. എന്നാൽ ബ്രാഹ്മണ ഇടപെടലുകൾ ഒന്നും ഇല്ലാത്ത വനവാസികൾ ആയി കഴിയുന്ന ട്രൈബൽ ജനതയിൽ ഇതിന്റെ രൂക്ഷത മുഖ്യധാരാ സമൂഹത്തിൽ ഉള്ളതിനേക്കാൾ കൂടുതൽ ആണ്. കേരളത്തിൽ ആണെങ്കിൽ മലയരയ , കുറിച്യ വിഭാഗങ്ങൾ സമ്പത്തും അധികാരവും കൈകാര്യം ചെയ്യുന്ന സവർണ്ണ വിഭാഗമായി നിലനിൽക്കുന്നു. മലപ്പുലയർ , പണിയ ,മുതുവാൻ, കാടർ ,മലപ്പണ്ടാരം , ചോലനായ്ക്കൻ തുടങ്ങി ഏതാണ്ട് 36 ഓളം ആദിവാസി വിഭാഗങ്ങൾ ആണ് ഇന്നുള്ളത്. ഇവരിൽ ചില സമൂഹങ്ങൾ തമ്മിൽ മിശ്ര വിവാഹങ്ങൾ നടക്കുന്നുണ്ടെങ്കിലും ഒരിക്കലും സാമൂഹികമായി ഇടപെടാത്ത സമൂഹങ്ങൾ പോലും ഉണ്ട്. അത് പോലെ തന്നെയാണ് ദളിത് വിഭാഗങ്ങളും . ഏതാണ്ട് 79 ഓളം ദളിത് വിഭാഗങ്ങളും കേരളത്തിൽ ഉണ്ട്. ഇവരിൽ ഒട്ടു മിക്ക വിഭാഗങ്ങൾ തമ്മിലും വിവാഹ ബന്ധങ്ങളും മറ്റും നിലനിൽക്കുന്നില്ല. ഈ ജാതി തിരിവുകൾക്കും ജാത്യാചാരങ്ങൾക്കും ആരാണ് ഉത്തര വാദി? ബ്രാഹ്മണ അധിനിവേശത്തിനു ശേഷമാണ് ജന്മം അടിസ്ഥാനമാക്കിയുള്ള ജാതി തിരിവുകൾ വന്നത് എന്നത് ശരി ആണെങ്കിലും, ജാതി ശ്രേണിയിൽ മുന്നിലുള്ള സമൂഹങ്ങൾ അത് നന്നായി ആസ്വദിച്ചു . ബ്രാഹ്മണന്റെ മുമ്പിൽ ഓച്ഛാനിച്ചു നിൽക്കുന്ന നായർ, ഈഴവനും അതിനു താഴെയുള്ളവരുടെയും മേലാളൻ ആയി വാണു. ഇത് തന്നെയാണ് ഈഴവനും, കുറിച്യരും, മലയരയരും ഒക്കെ അവർക്ക് താഴെയുള്ള സമൂഹങ്ങളോട് ചെയ്തത് . അപ്പോൾ ഇതിൽ ബ്രാഹ്മണനെ മാത്രം എന്തിനു കുറ്റപ്പെടുത്തണം? ജാതി എന്നത് അറിവുമായി ബന്ധപ്പെടുത്തിയാണ് സൃഷ്ടിക്കപ്പെട്ടത്. ആഫ്രിക്കയിൽ നിന്ന് തുടങ്ങിയ മഹത്തായ കുടിയേറ്റത്തിന്റെ ഒരു ലക്ഷം വർഷത്തിന്റെ ചരിത്രം ആണ് മനുഷ്യനുള്ളത്. പല സംഘങ്ങൾ ആയി പുറപ്പെട്ട ഈ വിഭാഗങ്ങൾ ലോകം മുഴുവൻ വ്യാപിച്ചു. ഇതിൽ ചില വിഭാഗങ്ങൾ ചെന്നെത്തിയ സ്ഥലത്തു നിന്ന് എങ്ങോട്ടും പോകാതെ അവിടെ തന്നെ പാർത്തു. തന്മൂലം അവരുടെ അറിവ് പരിമിതമായി. ആദ്യം പാർത്ത സ്ഥലങ്ങളിൽ നിന്നും സാഹസ പ്രീയരായ ചില സമൂഹങ്ങൾ വീണ്ടും യാത്ര തുടർന്നു . കടന്നു പോന്ന പ്രദേശങ്ങളും അവിടുന്നുള്ള അനുഭവങ്ങളും അവരെ കൂടുതൽ ധീരന്മാരും സാങ്കേതിക ജ്ഞാനവുമുള്ളവരുമാക്കി. അങ്ങനെ പല പ്രദേശങ്ങൾ മാറി മാറി തങ്ങി ഒടുവിൽ ഇന്ത്യയിൽ എത്തപ്പെട്ട ഒരു കൂട്ടർ ആണ് ആര്യന്മാർ. കുറെയൊക്കെ സഞ്ചാരം നടത്തി അവർക്കു മുമ്പേ ദ്രാവിഡർ ഇന്ത്യയിൽ എത്തി ചേർന്നിരുന്നു. അതിനും മുമ്പേ ആഫ്രിക്കയിൽ നിന്ന് താരതമ്യേന കുറഞ്ഞ അറിവും ഇരുണ്ട നിറവുമായി നേരെ എത്തി ചേർന്ന ഒട്ടും സഞ്ചാര പ്രീയർ അല്ലാത്ത മറ്റൊരു കൂട്ടരും ഇന്ത്യയിൽ ഉണ്ടായിരുന്നു. തുടർന്നുള്ള ഒരു രണ്ടായിരം വർഷം വെളുത്ത നിറക്കാരും, ഇരു നിറക്കാരും , ഇരുണ്ട നിറക്കാരും തമ്മിൽ നന്നായി ഇട കലർന്നു. കറുത്ത നമ്പൂതിരിയും, വെളുത്ത അടിയാളനും ഈ ഇടകലരലിന്റെ ബാക്കി പത്രം ആണ്. അടുത്ത രണ്ടായിരം വർഷം ജാതി തിരിവുകൾ ആരംഭിക്കുകയും എല്ലാത്തിനും നിയന്ത്രണങ്ങൾ വരുകയും ചെയ്തു. അതായത് ഇന്ന് കാണുന്ന ഇന്ത്യൻ സമൂഹം ആര്യനും, ദ്രാവിഡനും, ആദിവാസിയും ഒക്കെ ചേർന്നതാണ്. ഒരേ സമയത്ത് ഒരിന്ത്യക്കാരൻ ഇതൊക്കെയാണ്. ആരും പൂർണമായി ആര്യനൊ , ദ്രാവിഡനോ ,ആദിവാസിയെ അല്ല. അറിവും അധികാരവും ആണ് ഇന്ന് ജാതീയത നിലനിർത്തിയിരുന്നത്. ഇതും രണ്ടും നേടാനായാൽ പിന്നെ മറ്റൊരാളുടെ പേരിന്റെ വാല് നമ്മുടെ ഉറക്കം കെടുത്തില്ല. ഇന്ത്യയിൽ ഇന്ന് ഏറ്റവും താഴെ തട്ടിൽ കിടക്കുന്ന ദളിത് ആദിവാസി സമൂഹങ്ങൾ , അതിന്റെ നേതാക്കൾ ഇത് രണ്ടും നേടാൻ ഇനി എന്താണ് ചെയ്യാൻ പോകുന്നത് ? സർക്കാർ ഇതിനു പരിഹാരം കാണുമെന്നോ?, അതോ മറ്റു സമൂഹങ്ങൾ അതിനു ശ്രമിക്കുമെന്നോ? അടുത്ത ദിവസങ്ങളിൽ സണ്ണി കപിക്കാട് കോൺഗ്രസ്സ് സീറ്റ് തന്നില്ല എന്ന് പരാതി പറയുന്നത് കണ്ടു. കപിക്കാടിനും , ജാനുവിനും കോൺഗ്രസ് സീറ്റ് കൊടുക്കാത്തതിന് ഒരു കാരണമേ ഉള്ളൂ. അവർക്ക് വോട്ടു ബാങ്കില്ല. സുകുമാരൻ നായരോ, വെള്ളാപ്പള്ളിയോ , ബിഷപ്പ്മാരോ പറയുന്നവർക്ക് സീറ്റു കൊടുക്കാൻ കാരണം അവരുടെ പിന്നിൽ ആളുണ്ട് , വോട്ടുണ്ട് എന്നതാണ് . അപ്പോൾ ഇത് രണ്ടും സംഘടിപ്പിക്കാനല്ലേ കപിക്കാട് ശ്രദ്ധിക്കേണ്ടത്? അല്ലാതെ RSS നെ പഴി പറഞ്ഞിട്ടെന്തു കാര്യം? ദളിത് ആദിവാസി സമൂഹങ്ങൾക്ക് കേരളത്തിൽ 14 ശതമാനം വോട്ടുണ്ട് . ഇതൊരു വലിയ സംഖ്യ ആണ്‌ . ഒറ്റക്ക് ജയിക്കാൻ പറ്റിയില്ലെങ്കിലും ആരു ജയിക്കണം എന്ന് തീരുമാനിക്കാൻ ഈ സംഖ്യക്ക് പറ്റും . അപ്പോൾ കപിക്കാട് പറയുന്നിടത്ത് കോൺഗ്രസ്സും , മറ്റു രാഷ്ട്രീയ കക്ഷികളും വന്നു നിൽക്കും, പെരുന്നയിലും , കണിച്ചു കുളങ്ങരയിലും എന്ന പോലെ. അതിന് ദളിത് സമൂഹങ്ങൾക്ക് രാഷ്ട്രീയ യൂണിറ്റുകൾ ഉണ്ടാവണം, ചെറുപ്പക്കാരെയും ദളിത് സമൂഹത്തെയും സംഘടിപ്പിക്കണം, ആദിവാസി സമൂഹങ്ങളുമായി ഇടപെടണം , യൂണിറ്റുകൾ ഉണ്ടാക്കിക്കണം, അവ തമ്മിൽ കോർഡിനേഷൻ നിലനിർത്തണം . അങ്ങനെ ഒരു ദളിത് ആദിവാസി രാഷ്ട്രീയ സംഘടന ഉണ്ടാക്കിയെടുക്കണം. അതിനു പക്ഷെ വിയർപ്പൊഴുക്കണം. അത്തരം പ്രവർത്തനങ്ങൾക്കു സമയം ചിലവഴിക്കാതെ കപിക്കാടും , ശ്യാമും പണിക്കരുടെ വാലുമുറിക്കാൻ ഇറങ്ങി പുറപ്പെടുന്നത് കാണുമ്പോൾ വിഷമം തോന്നുന്നു.