2024, നവംബർ 28, വ്യാഴാഴ്‌ച

മതാവിഷ്ടർ

മതങ്ങൾ ഇല്ലായിരുന്നെങ്കിൽ ഒരു പക്ഷെ മനുഷ്യർ ഇതിലും സന്തോഷത്തോടെ ജീവിക്കുമായിരുന്നു എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. ഹാപ്പിനെസ്സ് ഇൻഡക്സിൽ മുകളിൽ നിൽക്കുന്ന രാജ്യങ്ങളിൽ ഒന്നും തന്നെ മതം ഇല്ല എന്നതാണ് അതിനൊരു തെളിവ്. ഇന്ത്യയും, അഫ്ഗാനിസ്ഥാനും , പാകിസ്ഥാനും ഒക്കെ ഉൾപ്പെടുന്ന മതാടിസ്ഥാനത്തിൽ ചിന്തിക്കുന്ന രാജ്യങ്ങൾ ഈ ഇൻഡക്സിൽ വളരെ താഴെ ആണെന്നുള്ളത് ഈ വിശ്വാസത്തിനെ കൂടുതൽ ബലപ്പെടുത്തുന്നു. സഹജീവികളോടുള്ള പെരുമാറ്റങ്ങൾ മതമൂല്യങ്ങളുമായി കൂട്ടിക്കെട്ടി തീരുമാനമെടുക്കുന്നവർ ആണ് മത രാജ്യങ്ങളിൽ ഉള്ളത്. ദൈവം ആണ് അവരെ നയിക്കുന്നത്. ദൈവം വെറുക്കാനും കൊല്ലാനും പറഞ്ഞാൽ രണ്ടാമതൊന്നാലോചിക്കാതെ നടപ്പാക്കാൻ ഇറങ്ങി പുറപ്പെടുക ആണ് ഇക്കൂട്ടർ ചെയ്യുക. സ്വന്തം പുത്രനെ ബലി നൽകാൻ ദൈവം ആവശ്യപ്പെട്ടപ്പോൾ ഒരു ഒട്ടകത്തിന്റെ പുറത്ത് പുത്രനെയും ഇരുത്തി , വിറകുമായി ബലിസ്ഥലത്തേക്ക് രണ്ടാമതൊന്നാലോചിക്കുക പോലും ചെയ്യാതെ ഇറങ്ങി പുറപ്പെട്ട ഒരു പിതാവ് യഹൂദനും , ക്രിസ്ത്യാനിക്കും, മുസ്ലീമിനും ഉണ്ട്. വളരെ ഭക്തിയോടെയാണ് ഇക്കൂട്ടർ ഈ സംഭവത്തെ ഓർമപ്പെടുത്തുന്ന ദിവസം ആഘോഷിക്കുന്നത്. മനുഷ്യത്വം തൊട്ടു തീണ്ടിയിട്ടുള്ള പിതാവായിരുന്നെങ്കിൽ ദൈവത്തെ നിഷേധിക്കുകയും സ്വയം ബലിമൃഗം ആയി മാറുകയും ചെയ്യുമായിരുന്നു. മതവും, ദൈവത്തിന്റെ വാക്കുകളും ആണ് വിശ്വാസികളുടെ പ്രമാണം. അവർക്ക് ജനാധിപത്യ മൂല്യങ്ങളും , പരസ്പര സ്നേഹവും വിശ്വാസവും ഒക്കെ അതിനു താഴെയേ വരുന്നുള്ളു. കാലം ഏറെ മാറിക്കഴിഞ്ഞു. ഇരുണ്ട കാലഘട്ടത്തിൽ നിന്നും നമ്മൾ വളരെ മുമ്പോട്ടെത്തിക്കഴിഞ്ഞു. നമുക്കറിയാത്ത ഒരു പാട് കാര്യങ്ങൾ ഈലോകത്ത് ഉണ്ട്. എന്നാൽ കുറെ കാര്യങ്ങൾ ഒക്കെ നമ്മൾ ഇതിനോടകം മനസിലാക്കിയിട്ടുമുണ്ട്. അതിൽ ഏറ്റവും പ്രധാനപെട്ടതാണ് മനുഷ്യൻ ദൈവത്തിന്റെ സൃഷ്ടിയല്ല , മറിച്ച് ദൈവം ആണ് മനുഷ്യന്റെ സൃഷ്ട്ടി എന്ന കാര്യം. നോക്കെത്തുന്ന ദൂരത്തിലുള്ള ആകാശവും, ഭൂമിയും കടലും നൽകിയ പരിമിതമായ അറിവിൽ നിന്നും ഗ്രഹങ്ങളിലേക്കും , അതിനും പുറത്തുള്ള അനന്തമായ വിഹായസിലേക്കും ഒക്കെ കണ്ണെത്തിച്ചു മനുഷ്യൻ മനസിലാക്കിയ ഒരു കാര്യം ഉണ്ട്. നമ്മൾ ആരാലും സൃഷ്ടിക്കപ്പെട്ട ജീവികളല്ല , മറിച്ച് അനുകൂല, ഭൗതീക സാഹചര്യങ്ങളിൽ ചെറു കീടങ്ങൾ രൂപം കൊള്ളുന്നത് പോലെ പരിണമിച്ചുണ്ടായതാണ്. മാത്രവുമല്ല നമ്മുടെ വാസസ്ഥലമായ ഈ ഭൂമി ഇനി അധിക കാലം ഇനി ഉണ്ടാവില്ല . മനുഷ്യൻ ഭൂമുഖത്ത് നിന്നും തുടച്ചു നീക്കപ്പെടാനുള്ള സാഹചര്യം നാൾക്കുനാൾ രൂപപ്പെട്ടു വരുകയും ചെയ്യുന്നു. പാമ്പിന്റെ വായിൽ അകപ്പെട്ട തവള ഇര പിടിക്കാൻ ശ്രമിക്കുന്നത് പോലെ , മനുഷ്യൻ ഇതൊന്നും അറിയാതെ ഇല്ലാത്ത ദൈവത്തിന്റെ അപദാനങ്ങൾ പാടിക്കൊണ്ട് , പരസ്പരം വെറുപ്പും , വൈരവും പടർത്തി ദുസ്സഹമായ ഒരന്തരീക്ഷം തീർക്കുകയാണിവിടെ. മതങ്ങൾ ഉണ്ടാക്കുന്ന ഈ വെറുപ്പിന്റെ സാമൂഹിക അവസ്ഥ മുതലാക്കുന്നതു രാഷ്ട്രീയ പാർട്ടികൾ ആണ്. കൃത്യമായ രാഷ്ട്രീയം പറഞ്ഞു വോട്ടുപിടിക്കാൻ അവർ ശ്രമിക്കുന്നില്ല. അതിനു പകരം വിവിധ മതങ്ങളെ പ്രാദേശികമായും, ദേശീയമായും ഉപയോഗപ്പെടുത്തി സാങ്കേതികമായ ഭൂരിപക്ഷം ഉണ്ടാക്കി ഭരണം നടത്തുകയാണ്. ഒരു രാജ്യത്തെ ജനത പ്രാഥമികമായും ആ രാജ്യത്തിൻറെ സംസ്ക്കാരത്തിനൊത്ത് വേണം ജീവിക്കാൻ. വേഷത്തിലും, ഭാഷയിലും , സംസ്‌കാരത്തിലും ഏകത്വം വരുമ്പോഴേ ഒന്നാണ് എന്ന തോന്നൽ ഉണ്ടാവൂ. സമൂഹത്തിലെ പൊതു ധാരയിൽ നിന്നും മാറിനിന്ന് ചിന്തിക്കുകയും, വ്യത്യസ്തമായി പെരുമാറുകയും ചെയ്യുമ്പോൾ ഒന്നാണ് എന്ന തോന്നൽ ഉണ്ടാകില്ല. പണ്ട് ദാരിദ്ര്യം കൊടികുത്തിവാണ കാലത്ത് എല്ലാവർക്കും എല്ലാവരെയും വേണമായിരുന്നു. അന്ന് ഹിന്ദുവിനെയും, ക്രിസ്ത്യാനിയെയും , മുസ്ലീമിനെയും കണ്ടാൽ തിരിച്ചറിയുക വളരെ പ്രയാസം ആയിരുന്നു. എന്നാൽ ഇന്ന് അത് എളുപ്പം സാധിക്കും. എല്ലാവരും മതത്തിന്റെ തോടിലേക്ക് വലിഞ്ഞിരിക്കുക ആണ്. ആയുധങ്ങളുമായി മാത്രമേ ഇനി അവർ പുറത്തുവരൂ. നല്ല വിദ്യാഭ്യാസവും , ഉയർന്ന ജോലിയും, സാംസ്കാരിക രംഗത്ത് നിറഞ്ഞു നിൽക്കുകയും ഒക്കെ ചെയ്യുന്ന പലരുടെയും പോസ്റ്റുകൾ കാണുമ്പോൾ എത്ര അസഹിഷ്ണുത ഉള്ളവർ ആണ് അവരെന്നും, യാതൊരടിസ്ഥാനവും ഇല്ലാതെ അവർ വിശ്വസിക്കുന്ന മതത്തിന്റെ എന്ത് വലിയ അടിമകൾ ആണ് ഇക്കൂട്ടർ എന്നും വേദനയോടെ ഓർക്കാറുണ്ട്.

2024, നവംബർ 10, ഞായറാഴ്‌ച

ജനാധിപത്യവും തിരഞ്ഞെടുപ്പും

ജനാധിപത്യവും തിരഞ്ഞെടുപ്പും ജനാധിപത്യത്തിന്റെ ഒരു സവിശേഷത കൃത്യമായ ഇടവേളകളിൽ നടക്കുന്ന തിരഞ്ഞെടുപ്പാണ്. ജനങ്ങൾ മറ്റു പരിഗണനകൾ ഒന്നും കണക്കിലെടുക്കാതെ അടുത്ത തവണ രാജ്യം ഭരിക്കുന്നതിനു അനുയോജ്യർ ആയ ആളുകളെ കണ്ടെത്തി രാജ്യ ഭരണം ഏൽപ്പിച്ചു കൊടുക്കുന്ന പ്രക്രീയ ആണിത്. ഭീമമായ ഒരു തുക ആണ് ഇതിനായി ഇന്ത്യ പോലുള്ള ഒരു രാജ്യത്തിനു ചെലവാക്കേണ്ടി വരുന്നത് . അർദ്ധപ്പട്ടിണിയും , മുഴുപ്പട്ടിണിയും ഇപ്പോഴും അരങ്ങുവാഴുന്ന ഒരു രാജ്യത്ത് ഇത് വലിയൊരു ആർഭാടം ആണെങ്കിലും ഒഴിച്ചുകൂടാൻ പറ്റാത്ത ഒരു ചെലവ് തന്നെയാണ്. ജനങ്ങളുടെ സമ്മതിദാനത്തെ പണം കൊണ്ടോ , ഭീതി കൊണ്ടോ , പ്രലോഭനം കൊണ്ടോ ഒന്നും ഒരു തരത്തിലും സ്വാധീനിക്കരുത് എന്നുറപ്പു വരുത്താൻ ഇലക്ഷൻ കമ്മീഷൻ ബദ്ധശ്രദ്ധയോടെ കാവൽ നിൽക്കുന്നുണ്ടെങ്കിലും അതെല്ലാം കാറ്റിൽ പറത്തി ആണ് ഓരോ ഇലക്ഷനും നമ്മെ കടന്നു പോകുന്നത്. പല തരത്തിൽ ആണ് ജനങ്ങൾ സ്വാധീനിക്കപ്പെടുന്നത്. ജനങ്ങളെ പ്രശ്നങ്ങളിൽ കുരുക്കി കഷ്ട്ടപെടുത്തുകയും ഒടുവിൽ അതഴിച്ചെടുക്കുകയും ഡെമോക്ലിസിന്റെ വാളുപോലെ ഒരു ഭയം അവരുടെമുകളിൽ നിലനിർത്തിയും ആണ് മിക്കവാറും രാഷ്ട്രീയ പാർട്ടികൾ ആളുകളെ സ്വാധീനിക്കുന്നത്. വളരെ ഭവ്യതയോടെ ജനങ്ങളുടെ മുമ്പിൽ തൊഴുതു നിൽക്കുന്ന സ്ഥാനാർത്ഥിയെന്ന സാധു ഇലക്ഷനിൽ വിജയിച്ചുകഴിഞ്ഞാൽ ഭസ്മാസുരൻ ആയി വളരുന്നത് കണ്ടാൽ അന്തം വിട്ടു പോകും. സ്ഥാനാർത്ഥികളെ നിശ്ചയിക്കുന്നതിലും വളരെ ശ്രദ്ധ പുലർത്തി ആണ് ഓരോരാഷ്ട്രീയ പാർട്ടിയും മുന്നോട്ട് പോകുന്നത്. അതാതു പ്രദേശത്തെ മതത്തിനു പ്രത്യേക പ്രാധാന്യം നൽകി സ്ഥാനാർത്ഥിയെ തിരഞ്ഞെടുക്കുന്ന രീതി ആണ് പൊതുവെ ഉള്ളത് . ഉന്നത കുലജാതരെ പ്രത്യേകം തിരഞ്ഞെടുക്കാൻ ഓരോപാർട്ടിയും ശ്രദ്ധിക്കും. മറ്റു മാർഗ്ഗങ്ങൾ ഒന്നും ഇല്ലാത്തതിനാൽ സംവരണ സീറ്റുകളിൽ പേരിനു മാത്രം അടിസ്ഥാന ജനവിഭാവങ്ങളെ മത്സരിപ്പിക്കും. ഭരണം കിട്ടിയാൽ അതിനെ നയിക്കുന്നവരും സ്വാധീനമുള്ളവരും ഉന്നത കുലക്കാരുമാണെന്ന് ഉറപ്പുവരുത്തും. ഇക്കാര്യത്തിൽ എല്ലാ രാഷ്ട്രീയപാർട്ടികളും ഒരേ പാത ആണ് സ്വീകരിക്കുന്നത്. എതിർ പാർട്ടികളിൽ നിന്ന് ചാടി വരുന്നവരെ പരീക്ഷിക്കുന്നതാണ് മറ്റൊരു സംഗതി. പാർട്ടികൾക്ക് വേണ്ടി രാപകൽ അധ്വാനിക്കുന്ന സാധാരണ പ്രവർത്തകരെ ഒക്കെ തഴഞ്ഞു അതുവരെ തങ്ങളുടെ രാഷ്ട്രീയ നിലപാടുകൾക്ക് എതിരെ പ്രവർത്തിച്ചു നടന്ന ഒരുവനെ യാതൊരു ഉളുപ്പുമില്ലാതെ ചുമക്കുന്നതാണ് ഈ രംഗത്തെ ഏറ്റവും മ്ലേച്ഛമായ കാഴ്ച. സിനിമ നടന്മാരെയും നടികളെയും നിർത്തി മത്സരിപ്പിക്കുന്നതാണ് മറ്റൊരു കാര്യം. വെളുപ്പിനോടും സൗന്ദര്യത്തോടും നമ്മുടെ ആളുകൾക്ക് ഒരു പ്രത്യേക അടിമ മനോഭാവം ഉണ്ട്. തലയിൽ ആൾതാമസം ഇല്ലെങ്കിലും സൗന്ദര്യം എന്ന ഒറ്റസംഗതിയിൽ വോട്ട് കിട്ടും എന്ന വസ്തുത കൊണ്ടാണ് ഈ പരീക്ഷണം നടത്തുന്നത്. എല്ലാ രാഷ്ട്രീയപാർട്ടികളും ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കും. അറിവുള്ള ആരെയും അവർ മത്സര രംഗത്ത് കൊണ്ട് വരില്ല. അഥവാ വന്നാൽ അവരെ മൻമോഹൻ ചങ്ങല കൊണ്ട് ബന്ധിച്ചിരിക്കും. ജനാധിപത്യത്തിന് മൂന്ന് ചിയേർസ് ആണ് ഈ. എം. ഫോസ്റ്റർ നൽകിയിരിക്കുന്നത്. അത് പക്ഷെ അടിമ മനോഭാവം ഉള്ള നമ്മുടെ പോലുള്ള ഒരു രാജ്യത്തിലെ ഭരണ സംവിധാനത്തിന് ചേരാൻ വഴിയില്ല. മതമോ, രാഷ്ട്രീയ അടിമത്തമോ, പ്രാദേശിക വാദമോ , ജൻഡർ ഡിസ്ക്രിമിനേഷനോ , കുലവർഗ പ്രേമമോ ഒന്നുമില്ലാത്ത ഒരു ജനതയ്ക്ക് മാത്രമേ മൂന്നു ചിയേർസ് നേടുന്ന ജനാധിപത്യത്തിലെ അംഗങ്ങൾ ആവാൻ സാധിക്കൂ. നമ്മുടേതുപോലുള്ള ഒരു സംവിധാനത്തിൽ പേരിൽ മാത്രമേ ജനാധിപത്യം നിലനില്ക്കൂ. ഉപതെരഞ്ഞെടുപ്പുകൾ ആണ് നമ്മുടെ ചോര ഊറ്റി കുടിക്കുന്ന മറ്റൊരു ഭീഷണി. സ്ഥാനാർത്ഥിയുടെ മരണം കൊണ്ട് ആണ് ഉപതിരഞ്ഞെടുപ്പുണ്ടാകുന്നതെങ്കിൽ അത് അനിവാര്യം ആണ്. എന്നാൽ, രണ്ടു സീറ്റുകളിൽ മത്സരിക്കുന്നത് മൂലമോ , ഒരു സഭയിൽ അംഗം ആയിരിക്കെ മറ്റൊരു സഭയിൽ മത്സരിച്ച് ജയിച്ചത് മൂലമോ ഉണ്ടാകുന്ന ഒഴിവാണെങ്കിൽ എത്ര ദുരന്ത പൂരിതമായിരിക്കും ഈ പാഴ്ച്ചിലവ്. ഈ നാട്ടിലെ പട്ടിണിപ്പാവങ്ങളുടെ ഒരു നേരത്തെ വിശപ്പടക്കാൻ മാറ്റി വയ്ക്കാവുന്ന തുകയാണ് യാതൊരു മനഃസാക്ഷിക്കുത്തുമില്ലാതെ ഇങ്ങനെ ധൂർത്തടിക്കുന്നത് . നമ്മുടെ പാർട്ടിയും അവരുടെ പാർട്ടിയും ഒക്കെ ഇതാണ് ചെയ്യുന്നതെന്നോർക്കണം. എന്നാൽ ഇതൊന്നും മനസിലാക്കാതെ തന്റെ സ്ഥാനാർത്ഥിയെ ജയിപ്പിക്കാൻ നേതാവ് പറഞ്ഞത് കേട്ട് വീടും കുടിയും ജോലിയും ഉപേക്ഷിച്ച് പ്രവർത്തിക്കുന്ന അണികളും ഇവരുടെ പ്രവർത്തനം എന്ന പീഡനം ഏറ്റുവാങ്ങുന്ന ജനങ്ങളും അടങ്ങുന്ന ഈ ജനാധിപത്യക്കാഴ്ച എത്ര ദയനീയമാണ്.