2023 ഒക്‌ടോബർ 22, ഞായറാഴ്‌ച

പലസ്തീൻ

പലസ്തീൻ ഇസ്രയേലും പലസ്തീനും തമ്മിലുള്ള സംഘർഷം എന്നും വേദനയുടേതാണ്. എല്ലാ യുദ്ധത്തിലും ചോര മണക്കുമെങ്കിലും ഇവിടെ അതിൽ വൈകാരികത കൂടി കലരുന്നു. ഈ സംഘർഷങ്ങളെ ഇസ്‌ലാം - ജൂത യുദ്ധമായി നോക്കി കാണാനാണ് പൊതുവെ ശ്രമിക്കുന്നത്. എന്നാൽ ഇത് ഒരു മതപരമായ പ്രശനം അല്ലേ അല്ല. തദ്ദേശവാസികളും കടന്നു കയറ്റക്കാരും തമ്മിലുള്ള സംഘർഷം ആണ്. ഇതിൽ ആരാണ് കടന്നു കയറിയത് , ആരാണ് തദ്ദേശവാസികൾ എന്നതിൽ മാത്രമാണ് തർക്കമുള്ളത്‌ . എല്ലാവരും വിചാരിക്കുന്നത് രണ്ടാം ലോക മഹായുദ്ധത്തെ തുടർന്ന് ലോകത്തിന്റെ നാനാഭാഗങ്ങളിലും ചിതറി പോയ യഹൂദരെ ഒരു പുതിയ രാഷ്ട്രം ഉണ്ടാക്കി അധിവസിപ്പിക്കുക ആണ് ഉണ്ടായത് എന്നാണ് . എന്നാൽ അങ്ങനെ അല്ല. ഗണ്യമായ ഒരു ജൂത സമൂഹം ആ നാട്ടിൽ ഉണ്ടായിരുന്നു എന്നതാണ് സത്യം. യേശുവിനെ ക്രൂശിച്ച കയ്യഫാസും, ഹെരോദാവും ഒക്കെ നയിച്ചിരുന്ന ഒരു വലിയ യഹൂദ കൂട്ടായ്മ അവിടെ ഉണ്ടായിരുന്നു. അധികാരം ഇല്ലാതെ, സാധാജനക്കൂട്ടമായി . ഇന്നത്തെ പലസ്തീൻ , ഇസ്രായേൽ , ജോർദാൻ, ലെബനൻ ഒക്കെ ഉൾക്കൊള്ളുന്ന പഴയ പലസ്‌തീനിൽ ഒരു ഇസ്രായേൽ രാജ്യം സ്ഥാപിതമായിരുന്നു എന്ന് ബൈബിൾ പറയുന്നുണ്ട്. BC 1035 ൽ ശൗൽ രാജാവ് ഇസ്രായേൽ എന്ന രാജ്യം ഭരിച്ചിരുന്നതായും, തുടർന്ന് ദാവീദ്, ശലോമോൻ തുടങ്ങിയവരുടെ നേതൃത്തത്തിൽ രാജ്യം സുസ്ഥിരമായിരുന്നതായും പറയപ്പെടുന്നു. ഇസ്രായേൽ , ജൂദ എന്നീ രണ്ടു രാജ്യങ്ങൾ ആയി അത് പകുക്കപ്പെടുകയും തുടർന്ന് അസിറിയ ക്കാരുടെയും , ബാബിലോണിയരുടെയും ആക്രമണത്തിൽ രാജ്യം തകരുകയും , ധാരാളം യഹൂദൻ മാർ പാലസ്റ്റീൻ വിട്ട് പലായനം ചെയ്യാൻ ഇടയായതായും പറയുന്നു. ശലോമോൻ യഹോവക്ക് പണിത പ്രാർത്ഥനാ ഗോപുരം എന്ന ജൂത വൈകാരികത ഈ യുദ്ധത്തിൽ തകർക്കപ്പെട്ടു. തുടർന്ന് പേർഷ്യൻ രാജാവ് ഈ സ്ഥലം ആക്രമിക്കുകയും ചിതറി പോയ യഹൂദൻമാർക്ക് മടങ്ങി വരാൻ അവസരം ഉണ്ടാക്കുകയും ചെയ്തു. വീണ്ടും ഒരിക്കൽ കൂടി അവർ യഹോവക്ക് പ്രാർത്ഥനാ ഗോപുരം തീർത്തു. എന്നാൽ ഈ ഗോപുരവും BC 1 ,2 നൂറ്റാണ്ടുകളിൽ നടന്ന റോമൻ ആക്രമണത്തിൽ തകർക്കപ്പെട്ടു. യഹൂദ ജനതയിൽ ഒരു നല്ല ശതമാനം വീണ്ടും പലായനം ചെയ്യാൻ നിർബന്ധിതരായി . ഇങ്ങനെ പലായനം ചെയ്ത ജനത യൂറോപ്പ് , ഏഷ്യ, ആഫ്രിക്ക തുടങ്ങി എല്ലാ ഭൂഖണ്ഡങ്ങളിലും എത്തപ്പെട്ടു. നമ്മുടെ നാട്ടിൽ എത്തിയവർ കൊടുങ്ങല്ലൂരും, മട്ടാഞ്ചേരിയിലും ഒക്കെ ആയി ജീവിച്ചുകൊണ്ടിരിക്കുമ്പോഴും , ഇസ്രായേലിലേക്ക് മടങ്ങി പോകുവാനും യഹോവയുടെ പ്രാർത്ഥനാ ഗോപുരം വീണ്ടും പണിതുയർത്തുവാനും സ്വപ്നം കണ്ടാണ് ഉറങ്ങിയിരുന്നത് . അവരുടെ വിവാഹ ആചാരങ്ങളിൽ പോലും തകർക്കപ്പെട്ട വിശുദ്ധ ഗോപുരത്തെ ഓർമിക്കുകയും അത് പുനർ സ്രഷ്ട്ടിക്കുമെന്ന് പ്രതിജ്ഞ എടുക്കുകയും ചെയ്തു. ലോകത്തെവിടെയെങ്കിലും ഇത്രയും വിശ്വാസ തീവ്രത ഉള്ള ഒരു ജനത ഉണ്ടോ എന്ന് സംശയം ആണ്. പലസ്തീനിൽ ആകട്ടെ, അവശേഷിച്ചിരുന്ന ജൂതന്മാരും, അറബികളും ഒക്കെ ഉൾക്കൊള്ളുന്ന ഒരു ജനത പല രാജ ഭരണങ്ങളുടെ കീഴിൽ ജീവിച്ചു പോന്നു . പിന്നീട് ഈ സ്ഥലം ഓട്ടോമൻ എംപയറുടെ കീഴിലും തുടർന്ന് ബ്രിട്ടീഷ് നിയന്ത്രണത്തിലും വന്നു ചേർന്നു. ലോകത്തിന്റെ പല ഭാഗത്തും യഹൂദന്മാർ അവരുടെ ബുദ്ധിയുടെയും , കഴിവിന്റെയും മികവിൽ തങ്ങളുടേതായ സ്വാധീന വലയങ്ങൾ തീർത്തിരുന്നു. അങ്ങനെ യഹൂദന്മാർക്ക് ഒരു രാജ്യം വേണം എന്ന ചിന്ത യൂറോപ്പിൽ സജീവമായിത്തീർന്നു. ഹിറ്റ്ലറുടെ ജൂത വേട്ട ,ആ ജനതയെ പ്രതി ലോകത്തിന്റെ അനുതാപത്തിനു കാരണമായി.1947 ൽ അന്നത്തെ പലസ്തീനിനെ വിഭജിച്ച് ഒരു രാജ്യം ഉണ്ടാക്കാൻ ഐക്യരാഷ്ട്ര തീരുമാനമെടുത്തു . 36 ശതമാനം ജനസംഖ്യ ഉണ്ടായിരുന്ന യഹൂദർക്ക് ഭൂമിയുടെ 56 ശതമാനവും , 60 ശതമാനത്തിനു മുകളിൽ ജനസംഖ്യയുള്ള പാലസ്റ്റീൻ അറബികൾക്ക് ഭൂമിയുടെ 42 ശതമാനവും, ബാക്കി പ്രദേശങ്ങൾ ഉൾപ്പെടുന്ന ജെറുസലേം , ബേത്ലഹേം എന്നിവ ഐക്യരാഷ്ട്ര സംഘടനയുടെ കീഴിൽ നിലനിർത്താനും ധാരണയായി . യഹൂദർക്ക് ലഭിച്ച 56 % ഭൂമിയിൽ 4,99,000 യഹൂദരും , 4,38,000 അറബികളും ഉണ്ടായിരുന്നു. പലസ്റ്റീനികൾക്ക് ലഭിച്ച 42 % ഭൂമിയിൽ 8,18,000 അറബികളും , 10,000 യഹൂദന്മാരും ഉണ്ടായിരുന്നു. ജറുസലേമിൽ ഒരു ലക്ഷം യഹൂദന്മാരും അത്ര തന്നെ അറബികളും ഉണ്ടായിരുന്നു. UN പ്രഖ്യാപനത്തെ യഹൂദന്മാർ കയ്യടിച്ച് സമ്മതിച്ചപ്പോൾ , അറബികൾ അത് എതിർത്തു. ഭൂരിപക്ഷം ഉള്ള ആളുകളുടെ ഭരണ സംവിധാനം ആണ് ഉണ്ടാവേണ്ടത് എന്ന വാദം അവർ മുമ്പോട്ട് വച്ചു . ഇത് കാര്യങ്ങളെ ആഭ്യന്തര യുദ്ധത്തിൽ കൊണ്ടെത്തിച്ചു. 1947 -48 കാല ഘട്ടങ്ങളിൽ ഈജിപ്ത് നയിച്ച അറബ് രാജ്യങ്ങളുടെ സഖ്യം യഹൂദരുമായി ഏറ്റുമുട്ടി. വിജയം യഹൂദരുടെ കൂടെ ആയിരുന്നു. 1948 ൽ ഇസ്രായേൽ സ്വയം ഒരു രാജ്യം ആയി വിളംബരം ചെയ്തു. ഉടൻ തന്നെ അമേരിക്കയും സോവിയറ്റ് യൂണിയനും ഐക്യരാഷ്ട്ര സഭയും അതിനെ അംഗീകരിച്ചു. യുദ്ധം വീണ്ടും മുറുകി. ഇറാക്ക് , ഈജിപ്ത്, ജോർദാൻ, സിറിയ, സൗദി അറേബിയ, ലെബനോൻ , യമൻ എന്നീ രാഷ്ട്രങ്ങളുടെ സംയുക്ത സേന ഇസ്രയേലിനെ ആക്രമിച്ചെങ്കിലും വിജയിച്ചില്ല. ഈ യുദ്ധത്തിൽ 7 ലക്ഷം അറബികൾ പാലസ്റ്റീൻ വിട്ടു പോകാൻ നിർബന്ധിക്കപ്പെട്ടു .അതേസമയത്ത് തന്നെ 7 ലക്ഷത്തോളം യഹൂദൻമാർ ലോകത്തിന്റെ പല ഭാഗത്ത് നിന്നും ഇസ്രായേലിലേക്ക് കുടിയേറി. അങ്ങനെ ആധൂനിക ഇസ്രായേൽ രാഷ്ട്രം ഉണ്ടായി. അവശേഷിക്കുന്ന അറബികൾ ഇസ്രയേലിലും, ഗ്യാസായിലും വെസ്റ്റ് ബാങ്കിലും ആയി ജീവിക്കുന്നു. 42 % വന്നിരുന്ന ഭൂപ്രദേശത്ത് ഒരു സ്വതന്ത്ര രാജ്യം രൂപീകരിക്കാൻ ഒരു നാളും പാലസ്റ്റീൻ തയ്യാറായിരുന്നില്ല. അവർ ഇസ്രയേലിന്റെ രൂപീകരണത്തെ തന്നെയാണ് എതിർത്തിരുന്നത് . അതിനെതിരെ ആണ് അവരുടെ ശബ്ദം ഉയർന്നത്. പാലസ്റ്റീനിൽ പ്രധാനപ്പെട്ട രണ്ടു പാർട്ടികൾ ആണുള്ളത്. അതിൽ ഒന്നാണ് ഹമാസ് , രണ്ടാമത്തേത് ഫത്തയും . യാസർ അരാഫത്തിന്റെയും മഹമൂദ് അബ്ബാസിന്റെയും ഒക്കെ പാർട്ടി ആണ് ഫത്ത . സമാധാനപ്രീയരായ ഇവരുടെ സംഘടനയാണ് PLO . വെസ്റ്റ് ബാങ്കിന്റെ ഭരണം PLO യുടെ നിയന്ത്രണത്തിൽ ആണ്. എന്നാൽ ഗാസയുടെ നിയന്ത്രണം ആകട്ടെ ഹമാസിന്റെയും. ഒരു തരത്തിലും ഇസ്രയേലിനോട് സന്ധി ചെയ്യാൻ ഹമാസ് തയ്യാറല്ല. മനുഷ്യ ബോംബ് മുതൽ, ഗറില്ല യുദ്ധമുറകൾ വരെ, തരാതരം പോലെ പുറത്തെടുക്കുന്ന ഇവരെ ലോക രാഷ്ട്രങ്ങൾ ഒരു രഷ്ട്രീയ പാർട്ടിയായി ഇത് വരെ അംഗീകരിച്ചിട്ടില്ല എന്ന് മാത്രമല്ല ഒരു ഭീകര സംഘടന ആയി മുദ്ര കുത്തുകയും ചെയ്തിട്ടുണ്ട്. ഇസ്രായേലാകട്ടെ ലോക രാഷ്ട്രങ്ങൾക്ക് തള്ളിക്കളയാൻ പറ്റാത്ത ഒരു ശക്തമായ രാഷ്ട്രമായി മാറിക്കഴിഞ്ഞു. അന്ത്യ ദിനത്തിൽ പ്രയോഗിക്കാനുള്ള സാംസൺ ഡിഫെൻസ് ഒരുക്കി വച്ച് അവർ കാത്തിരിക്കുക ആണ്.

അഭിപ്രായങ്ങളൊന്നുമില്ല: