2023, മേയ് 1, തിങ്കളാഴ്‌ച

ഇരട്ടത്താപ്പുകൾ

ഏതു പ്രശ്നത്തെയും രാഷ്ട്രീയ പാർട്ടികൾ കാണുന്നത് അവർക്കു എന്ത് ലാഭം ഉണ്ട് ആ വിഷയത്തിൽ എന്ന് വിലയിരുത്തിയാണ്. മിക്കവാറും അതിനു വിരുദ്ധമായ രീതിയിൽ ഒരു സ്വകാര്യ സംഭാഷണത്തിൽ അവർ പറയുകയുംചെയ്യും. കേരളത്തിൽ ഇപ്പോൾ കത്തി നിൽക്കുന്ന വിഷയങ്ങൾ കക്കുകളിയും,കേരള സ്റ്റോറിയും ആണ്. അതിന്റെ സൈഡിലൂടെ ജോസഫ് സാറിന്റെ കൈവെട്ടു പ്രശ്നത്തെ കുറിച്ച് അദ്ദേഹം നടത്തുന്ന വെളിപ്പെടുത്തലുകളും സഫാരി ചാനലിലൂടെ പുറത്ത് വരുന്നു. ഈ വിഷയത്തിലൊക്കെ ലാഭകരമായ തീരുമാനങ്ങൾ ആണ് രാഷ്ട്രീയക്കാർ എടുത്തിട്ടുള്ളത്. ചിലതു കണ്ടില്ല കേട്ടില്ല എന്ന് നടിച്ചു വിട്ടുകളയും. രാഷ്ട്രീയ ലാഭം നോക്കാതെ കൃത്യമായ നിലപാടുകൾ എടുക്കാൻ രാഷ്ട്രീയ കക്ഷികൾക്ക് സാധിച്ചിരുന്നെങ്കിൽ കേരളം ദൈവത്തിന്റെ സ്വന്തം നാടാകുമായിരുന്നു. ജോസഫ് സാറിന്റെ ചോദ്യ പേപ്പർ വിവാദം ഒരു ചെറിയ സംഭവം ആയിരുന്നു. ഒരു കോളേജിലെ ഇന്റേണൽ പരീക്ഷക്ക് ഇട്ട ചോദ്യപേപ്പറിൽ കടന്നു കൂടിയ ഒരു വിവാദം. ചോദ്യം തയ്യാറാക്കുന്ന സമയത്ത് അദ്ദേഹം ഒരിക്കലും ചിന്തിക്കാത്ത ഒരു വ്യാഖ്യാനം അതിനു വന്നു ചേർന്നു . അത്തരത്തിൽ ഒരു ചോദ്യം വേണ്ടായിരുന്നു എന്നാണു കേരളം മുഴുവൻ അന്ന് ചിന്തിച്ചത് . എന്ത് ചെയ്യാം . മനുഷ്യൻ അല്ലെ .ഒരു നിമിഷത്തെ പിഴവ് . എന്നാൽ സർക്കാരും, രാഷ്ട്രീയക്കാരും, കോളേജ് മാനേജ്മെന്റും വിഷയം ഒതുക്കി തീർക്കുന്നതിന് പകരം അത് ആളി കത്തിച്ച് ആ മനുഷ്യന്റെ ജീവിതം ഇരുട്ടിലാക്കി. അദ്ദേഹത്തിന്റെ പുത്രനെ കുനിച്ച് നിർത്തി മുതുകത്തിടിച്ചാണ് പോലീസ് ഒളിവിടം കണ്ടെത്താൻ ശ്രമിച്ചത് . ഒളിച്ചത് പോലീസിൽ നിന്നല്ല, തീവ്ര വാദികളിൽ നിന്നാണെന്നു മനസിലാക്കാനുള്ള കോമൺ സെൻസ് പോലും ഉണ്ടായില്ല. ഭാര്യയെ, മാനസികമായി തളർത്തി ആത്മഹത്യയിലേക്കു തള്ളി വിട്ടു. ഇതൊക്കെ ഇസ്ലാമിലെ തീവ്ര നിലപാടുകാരെ കൂടുതൽ ആത്മ വിശ്വാസം ഉള്ളവർ ആക്കി. യാതൊരു ദയയും ഇല്ലാതെ ആ പാവം മനുഷ്യനെ കാറിൽ നിന്ന് വലിച്ചിറക്കി, ഇടതു കാലും വലതു കയ്യും മഴുവിന് വെട്ടി മാറ്റി. ഒടുവിൽ കുടുംബം തകർന്ന ആ മനുഷ്യൻ കോടതി സഹായത്തോടെ നഷ്ട്ടപെട്ട ജോലി തിരിച്ചു വാങ്ങി സർവീസിൽ നിന്ന് വിരമിച്ചു. സർക്കാർ യാഥാർഥ്യ ബോധത്തോടെ ഒരു നിലപാട് സ്വീകരിക്കുകയും, അധ്യാപകനെക്കൊണ്ട് ഒരു മാപ്പ് പറയിപ്പിച്ചു , തീവ്ര നിലപാടുകാർക്കു ശക്തമായ ഒരു വാണിങ്ങും നൽകിയിരുന്നെങ്കിൽ ആ പ്രശ്നം കെട്ടടങ്ങുമായിരുന്നു. അദ്ദേഹത്തിന്റെ ഭാര്യ അദ്ദേഹത്തിന്റെ കൂടെ ഇന്നും ഉണ്ടാകുമായിരുന്നു. ഈ പ്രശനത്തിലൂടെ ഇസ്‌ലാം തീവ്ര വാദ നിലപാടുകാർ നേടിയെടുത്ത ഒരു രാഷ്ട്രീയ വിജയം ആയിരുന്നു ക്രിസംഘി കളുടെ ഉദയം . അതുവരെ കോൺഗ്രസിന്റെ കൊടിക്കീഴിൽ ചുരുണ്ടു കൂടിയ ന്യൂനപക്ഷങ്ങൾ പരസ്പരം അവിശ്വാസത്തോടെ നോക്കാൻ തുടങ്ങി. ഇനി ഒരിക്കലും ഒരു പക്ഷെ തിരിച്ചു വരാൻ പറ്റാത്ത വണ്ണം അത് യുഡിഎഫ് നെ ദുർബലമാക്കി . കക്കുകളിയും, കേരളാ സ്റ്റോറിയും ക്രിസ്ത്യാനിക്കും, മുസ്ലീമിനും അവ മതിപ്പുണ്ടാക്കുന്നു എന്നാണു പറയുന്നത്. എന്നാൽ ഒരു കാര്യം ഓർക്കണം ഇതിൽ വാസ്തവം ഇല്ലേ? കന്യാസ്ത്രി മഠങ്ങളിൽ പീഡനങ്ങൾ നടക്കുന്നു എന്ന് കന്യാസ്ത്രീകൾ പുറത്ത് വന്നു പറഞ്ഞു സമരം നടത്തിയപ്പോൾ , തകരാത്ത ഏതു മാനം ആണ് ഇപ്പോൾ തകർന്നു വീഴുന്നത്? സത്യസന്ധമായ ഒരന്വേക്ഷണം നടത്താൻ ക്രിസ്ത്യൻ സഭകൾക്ക് കഴിഞ്ഞോ? അന്ന് അന്വേക്ഷണം നടത്തി കുറ്റക്കാരെ ശിക്ഷിച്ചു പുറത്താക്കിയിരുന്നെങ്കിൽ ഇന്ന് കക്കുകളി ഉണ്ടാകുമായിരുന്നില്ല. യേശുവിന്റെ നാമം കൂടുതൽ ദീപ്തമാകുകയും ചെയ്യുമായിരുന്നു. ഇത് തന്നെയാണ് ഇസ്‌ലാമിന്റേയും പ്രശ്നം. ഇത് സമാധാനത്തിന്റെ മതം ആണ് എന്ന് പറഞ്ഞിട്ട് കാര്യമില്ല. സ്വന്തം സഹോദരന്റെ കൈ വെട്ടി മാറ്റിയപ്പോൾ തോന്നാത്ത എന്ത് സ്നേഹവും സമാധാനവും ആണ് ഈ മതത്തിനു നൽകാനുള്ളത്? കേരളത്തിലെ എല്ലാ മുസ്ലീങ്ങളും കൈ വെട്ടുകാർ ആണ് എന്ന് ഇതിനർത്ഥമില്ല . പക്ഷെ ഒരു സമൂഹം എന്ന നിലയിൽ മതത്തിലെ തീവ്ര നിലപാടുകാരെ അടക്കി നിർത്തുവാൻ ഇതിലെ ഉത്തരവാദിത്തപെട്ട പണ്ഡിതൻമാർക്ക് സാധിച്ചില്ല. പകരം അഴകൊഴമ്പൻ രീതിയിൽ ആണ് മത പണ്ഡിതർ സംസാരിച്ചു കണ്ടത്. പോരാഞ്ഞു വെട്ടു കേസ് പ്രതികൾ ജാമ്യത്തിൽ ഇറങ്ങിയപ്പോൾ നാട്ടിലുടനീളം സ്വീകരണം നൽകി. സമൂഹത്തിൽ എന്ത് ശാന്തത ആണ് ഇത് കൊണ്ട് വന്നത്? "കേരള സ്റ്റോറി "സംഭവത്തെ പാർവതീ കരിച്ചു എന്നതിൽ ആണ് പ്രശനം. ഐ എസ് ലേക്ക് ഇന്ത്യയിൽ കേരളത്തിൽ നിന്ന് മാത്രമേ സ്ത്രീക്കൽ പോയിട്ടുള്ളൂ എന്നാണു കേൾക്കുന്നത്. അതും ക്രിസ്ത്യൻ ഹിന്ദു പെൺകുട്ടികൾ മതം മാറി പോയി. കേൾക്കുമ്പോൾ ലജ്ജ തോന്നുന്നു. കേരളത്തിൽ നിന്ന് ഒരിക്കലും ഇത്തരം സംഘടനകളിലേക്ക് ആരെങ്കിലും പോകുമെന്ന് ചിന്തിക്കാൻ പോലും കഴിഞ്ഞില്ല. അത്ര കണ്ടു പ്രബുദ്ധ നാടാണ് നമ്മളുടേതെന്നു വിചാരിച്ചു . എന്നാൽ സംഭവിച്ചതോ? മറ്റെല്ലാ സ്റ്റേറ്റിനെയും പിന്നിലാക്കി നമ്മൾ മുമ്പിൽ. ഇസ്‌ലാം മതം പത്തോ നൂറോ പേരുടെ മതമല്ല. ലക്ഷക്കണക്കിന് ആളുകൾ ഉണ്ട്. പ്രശ്നക്കാർ മതത്തിൽ ഉണ്ടെങ്കിൽ അവരെ, വിലക്കി, മെരുക്കി, നില നിർത്താൻ ഉത്തര വാദപെട്ടവർ ശ്രമിച്ചില്ലെങ്കിൽ അത് മുഴുവൻ ഇസ്‌ലാമിനും കളങ്കമായി തീരില്ലേ?! ഇത്തരം ഒരവസ്ഥയിൽ കേരള ഇസ്‌ലാമിനെ കൊണ്ടാക്കിയതിൽ ആർക്കാണ് പങ്ക് ? മനുഷ്യൻ സമാധാനത്തോടെയും, സ്നേഹത്തോടെയും ഈ ഭൂമിയിൽ വസിക്കണം. അതിനു ദൈവ വിശ്വാസം ഒരു തടസം ആവരുത്. നമ്മുടെ മതം , ആണ് ശരി എന്നും, മറ്റുള്ളത് എല്ലാം മോശമെന്നും കരുതരുത്. ഒരു കല്ലിനെ ദൈവം ആയി കണ്ടു വണങ്ങുന്നവനെയും ആദരിക്കണം. അവനെ മതം മാറ്റാൻ ശ്രമിക്കരുത്. വേഷത്തിനും , ഭാഷക്കും അപ്പുറമായി മനുഷ്യ സ്നേഹത്തിന്റെ വലിയ ചങ്ങലയുടെ കണ്ണികളായി നമ്മൾ മാറണം.

അഭിപ്രായങ്ങളൊന്നുമില്ല: