2025, ജൂൺ 21, ശനിയാഴ്‌ച

പാർശ്വവൽകൃതർ

ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചപ്പോൾ ജനസംഖ്യയുടെ 70 ശതമാനം പിന്നാക്ക വിഭാഗക്കാരും 30 ശതമാനം മുന്നാക്ക വിഭാഗക്കാരുമാണ് ഉണ്ടായിരുന്നത്. പിന്നാക്കക്കാരിൽ തന്നെ വളരെ പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾ ആണ് പട്ടിക ജാതി, പട്ടിക വർഗക്കാർ. ജനസംഖ്യയുടെ ഏതാണ്ട് 22 ശതമാനം ആണ് ഇവരുണ്ടായിരുന്നത് . ഇവരെ കൂടാതെ അലഞ്ഞു തിരിഞ്ഞു നടക്കുന്ന ഒരു 13 ശതമാനം ഗോത്രവർഗ വിഭാഗക്കാർ വേറെയും ഉണ്ടായിരുന്നു . 35 ശതമാനം വരുന്ന ഉയർന്ന പിന്നാക്ക വിഭാഗക്കാർ എന്നറിയപ്പെടുന്ന OBC ക്കാരും ഇതിനോടൊപ്പമുണ്ട് . പിന്നാക്ക വിഭാഗക്കാരെ മുന്നാക്കത്തിലേക്ക് കൊണ്ടുവരാൻ പല കാര്യങ്ങളും ഭരണഘടനാ ശിൽപ്പികൾ ചെയ്തു വെച്ചിട്ടുണ്ടായിരുന്നു. ജനപ്രതിനിധിസഭകളിലേക്കുള്ള സംവരണവും, ജോലി സംവരണവും, സാമ്പത്തിക ആനുകൂല്യങ്ങളും ഒക്കെ അതിൽ ചിലതാണ്. 10 വർഷത്തിനുള്ളിൽ പിന്നാക്കക്കാരെ മുന്നാക്കക്കാരുടെ ഒപ്പം എത്തിക്കാൻ അതാത് സർക്കാരുകൾ ഒത്തൊരുമിച്ച് പ്രവർത്തിക്കും എന്നായിരുന്നു സങ്കൽപ്പം. എന്നാൽ അതുണ്ടായില്ല. പത്ത് വർഷം പത്ത് വർഷം വീതം സർക്കാർ ജോലിയിൽ ഉള്ള സംവരണം വർധിപ്പിച്ച് ഇന്നത് 2030വരെ ആക്കിയിട്ടുണ്ട് എന്ന് മാത്രം . ഇക്കാലയളവിനുള്ളിൽ പിന്നാക്കക്കാർ , പ്രത്യേകിച്ചും പട്ടിക ജാതി പട്ടിക വർഗക്കാർ, മുന്നാക്കം പോയില്ല എന്ന് മാത്രമല്ല മുന്നാക്കക്കാരിൽ നിന്ന് കൂടുതൽ പിന്നാക്കക്കാർ ഉണ്ടാവുകയും അങ്ങനെ പിന്നാക്കക്കാരുടെ സംഖ്യ ഇപ്പോൾ ഏതാണ്ട് 78 ശതമാനം ആയി മാറുകയും ചെയ്തിട്ടുണ്ട് . ഇതിൽ സംഭവിച്ച ഗുണപരമായ ഒരു കാര്യം, പിന്നാക്കക്കാരിൽ OBC വിഭാഗത്തിൽ പെട്ടവർ അധികാരത്തിലേക്കും, താക്കോൽ സ്ഥാനങ്ങളിലേക്കും കടന്നു വന്നു എന്നതാണ്. സമൂഹത്തിൽ ഉണ്ടായിരുന്ന ഉച്ച നീചത്തങ്ങളെ, അകറ്റി നിർത്തലുകളെ അവർ അതിജീവിച്ചു. എന്നാൽ അവർ തൊട്ടു താഴെ ഉണ്ടായിരുന്ന പട്ടിക ജാതി, പട്ടിക വിഭാഗക്കാരോട് അയിത്തം വച്ച് പുലർത്തുകയും അക്കാര്യത്തിൽ മുന്നാക്കക്കാരെ ലജ്ജിപ്പിക്കുകയും ചെയ്തു. പട്ടിക ജാതി, പട്ടിക വിഭാഗക്കാരായ ദളിത് ആദിവാസി വിഭാഗങ്ങൾ വേണ്ടത്ര അളവിൽ അധികാരത്തിലും, ഉന്നത പദവികളിലും എത്തിപ്പെടുക ഉണ്ടായില്ല. എത്തിപ്പെട്ടതാകട്ടെ അധികാരങ്ങൾ ഒന്നും ഇല്ലാതിരുന്ന അലങ്കാര പദവികളിലും . സാർവത്രിക വിദ്യാഭ്യാസം രാജ്യം ഏർപ്പെടുത്തിയെങ്കിലും ദളിത് ആദിവാസി വിഭാഗത്തിലെ വിദ്യാർത്ഥികൾ സ്‌കൂളുകളിലും , കോളേജുകളിലും പഠനം നിർത്തി കുടുംബം പുലർത്താൻ പോകുന്ന സാഹചര്യം ആണ് ഇപ്പോഴുമുള്ളത് . കോളേജുകളിൽ സംവരണ സീറ്റുകൾ ഒഴിഞ്ഞു കിടക്കുന്ന അവസ്ഥ സാധാരണമാണ്. സാമ്പത്തികം തന്നെയാണ് പ്രധാന വില്ലൻ. നിയന്ത്രിക്കാൻ ആളില്ലാത്തതും, വഴികാട്ടികൾ ഇല്ലാത്തതും അതിന്റെ കൂടെ തന്നെയുണ്ട്. മറ്റൊന്ന് സംഘടിത ബലം ഇല്ലാത്തതാണ്. ജനസംഖ്യയിലെ 26 ശതമാനം ഇപ്പോഴുണ്ടെങ്കിലും രണ്ടായിരത്തോളം വിഭാഗങ്ങളിലായി അവർ ചിതറി കിടക്കുക ആണ്. ഈ വിഭാഗങ്ങളിലെ ഉയർന്നവരും താഴ്ന്നവരും തമ്മിൽ തന്നെ കടുത്ത അയിത്ത വ്യവസ്ഥകൾ ഉണ്ട് താനും . അത് കൊണ്ട് തന്നെ ഒരു പൊതു നേതാവില്ല. അൽപ്പമെങ്കിലും സംഘടനാശേഷി ഉള്ളവർ സ്വന്തമായി കോളേജുകളും സ്ഥാപനങ്ങളും തുടങ്ങി അവരവരുടെ ജാതിയുടെ ഉന്നമനത്തിനായാണ് ശ്രമിക്കുന്നത്. ശബ്ദം ഇല്ലാത്ത , കോടിക്കണക്കിന് ദളിത് ആദിവാസി വിഭാഗങ്ങൾ അസംഘടിതർ ആയി സമൂഹത്തിന്റെ അടിത്തട്ടിൽ ഊറിക്കൂടുകയാണ്. ഇവരെ മുന്നോട്ട് കൊണ്ടുവരാൻ എന്ത് പദ്ധതിയാണ് സർക്കാരിനുള്ളത്?! പട്ടിക ജാതി, പട്ടിക വർഗ സംഘടനകൾ അതിനു വേണ്ടി എന്തൊക്കെ ചെയ്യും എന്നുള്ളയിടത്താണ് അതിനുള്ള ഉത്തരം. ജോലി ദാതാവിൽ നിന്ന് സർക്കാർ പിന്നാക്കം പോകുന്നതോടെ സംവരണത്തിന് വലിയ പ്രസക്തി ഇല്ലാതെ വരുന്നു. സ്വകാര്യ സ്ഥാപനങ്ങൾ ഒരിക്കലും സംവരണം കൊടുക്കില്ല. അവർക്ക് അറിവും കഴിവുമുള്ള ചെറുപ്പക്കാരെ ആണ് വേണ്ടത്. അതിനു വേണ്ടി തങ്ങളുടെ ചെറുപ്പക്കാരെ തയ്യാറെടുപ്പിക്കേണ്ട ബാധ്യത ആണ് ദളിത് ആദിവാസി സംഘടനകൾ ഏറ്റെടുക്കേണ്ടത്. പട്ടിക ജാതി പട്ടിക വിഭാഗങ്ങൾ സംവരണ സീറ്റിൽ നിന്നല്ലാതെ തിരഞ്ഞെടുക്കപ്പെടുന്നില്ല. തിരഞ്ഞെടുക്കപെടുന്നവർക്ക് മിക്കവാറും ആ വകുപ്പ് തന്നെയാണ് നൽകുന്നത് . പേരിനു ചിലപ്പോൾ മറ്റേതെങ്കിലും വകുപ്പുകൾ. ഏതെങ്കിലും പാർട്ടികളോട് ചേർന്ന് നിന്ന് മത്സരിക്കാതെ മുന്നണികൾ ഉണ്ടാക്കി മത്സരിക്കുക ആണ് അധികാരം ചോദിച്ചു വാങ്ങാൻ ഏറ്റവും നല്ലത് . എണ്ണത്തിൽ കുറവായ പല ജാതി സംഘടനകളും ചെയ്യുന്നത് ഇത് തന്നെയാണ്. ദളിത് ആദിവാസി വിഭാഗങ്ങൾക്ക് പല സാമ്പത്തിക സഹായങ്ങളും സർക്കാർ ചെയ്യുന്നുണ്ട്. ഇത് പക്ഷെ എല്ലാവരിലേക്കും എത്തുന്നില്ല. ഓരോ വിഭാഗത്തിലെയും കുട്ടികളെ പള്ളിക്കൂടങ്ങളിലേക്ക് എത്തിക്കണം. അവർക്ക് പ്രത്യേക പരിശീലനങ്ങൾ കൊടുക്കണം. അവരുടെ കുടുംബത്തിന് സർക്കാർ തന്നെ ദിവസ വേതനത്തിൽ ജോലിയോ അല്ലെങ്കിൽ ജീവിക്കാനുള്ള തുകയോ നൽകണം. സർക്കാരിന് പണമില്ലെങ്കിൽ കോർപ്പറേറ്റ് സ്ഥാപനങ്ങളുടെ CSR ഫണ്ടുകൾ ഇവിടെ ചിലവഴിപ്പിക്കണം. അങ്ങനെയൊക്കെ ചെയ്യണമെങ്കിൽ രാഷ്ട്രീയമായി ഒരു സമ്മർദ്ദ ശക്തിയായി മാറേണ്ടതുണ്ട്. നല്ല വിദ്യാഭ്യാസം എല്ലാവർക്കും ലഭിക്കുമ്പോൾ അവർക്ക് നല്ല ജോലികൾ തിരഞ്ഞെടുക്കാൻ സാധിക്കും. ജാതി അടിസ്ഥാനത്തിലുള്ള സംവരണം വേണ്ടി വരില്ല. സംവരണം ആവശ്യമില്ലെങ്കിൽ പിന്നെ ജാതിക്ക് ഒരു പ്രസക്തിയും ഉണ്ടാവില്ല. അതിനു വേണ്ടിയുള്ള പ്രവർത്തനം ഇപ്പോഴേ ആരംഭിച്ചാൽ 2050 ആകുമ്പോഴേക്കെങ്കിലും അത്തരം ഒരവസ്ഥയിൽ എത്തിച്ചേരാൻ സാധിക്കും. ജാതി സമൂഹത്തിന്റെ സൃഷ്ടിയാണ്. അതിൽ ഓരോരുത്തരും വന്ന് പെടുകയാണ്. അറിവും, പ്രായോഗികതയും ഇല്ലാത്ത വിഭാഗങ്ങൾ ആണ് കാലാന്തരത്തിൽ പിന്നാക്കം പോയത്. അത് നേടിക്കഴിഞ്ഞാൽ പിന്നെ പിന്നാക്കം എന്ന അവസ്ഥയില്ല. അത് കൊണ്ട് തന്നെ ജാതിയിൽ അവമതിപ്പുണ്ടാവേണ്ട ആവശ്യവും ഇല്ല. ജാതി പറഞ്ഞു തന്നെ മുന്നോട്ട് പോകണം. നിറത്തിന്റെ പേരിലും, രൂപത്തിന്റെ പേരിലും അപകർഷത തോന്നുമ്പോൾ അറിവില്ലായ്മ ആണ് അതിനു കാരണം എന്ന് മനസിലാക്കി കൊടുക്കുന്ന ഒരു നേതൃത്വം ആണുണ്ടാവേണ്ടത് . അതിന്റെ പേരിൽ കോടതിയിലേക്ക് പോകുന്നത് അതങ്ങീകരിക്കുന്നതിനു തുല്യമാണ്. പഴയ കാലത്ത് സാമൂഹിക ക്രമത്തിൽ ഒരു പാട് അനീതികൾ ഉണ്ടായിട്ടുണ്ട്. അത് ഇപ്പോഴും പറഞ്ഞു നടക്കുന്നതിൽ ഒരർഥവും ഇല്ല. അർപ്പണ ബോധത്തോടെ , ഓരോ ദളിത് ആദിവാസി വിഭാഗത്തിലെ വിദ്യാർത്ഥിയും നല്ല വിദ്യാഭ്യാസം നേടാൻ ശ്രമിക്കണം. രാഷ്ട്രീയ യജമാനന്മാരുടെ സേവകർ ആയി നടക്കാതെ സമുദായത്തിലെ ജനപ്രതിനിധികൾ ഓരോ വ്യക്തികളിലും ആനുകൂല്യങ്ങളും , വികസനവും എത്തുന്നുണ്ടെന്ന് ഉറപ്പു വരുത്തി മുന്നോട്ട് പോകണം. അങ്ങനെ ചെയ്തില്ലെങ്കിൽ ജാതി എന്ന ഈ ദുർഭൂതം 22 -)൦ നൂറ്റാണ്ടിലും സർക്കാർ രേഖകളിൽ കിടന്ന് പരിഹസിച്ച് കൊണ്ടേയിരിക്കും .