2025, ഏപ്രിൽ 25, വെള്ളിയാഴ്‌ച

പഹൽഗാമിലെ കൂട്ടക്കുരുതി

ഒരിക്കലെങ്കിലും പഹൽഗാമിലെ മലകയറി ന്യൂ സിസ്സർലാൻഡ് എന്നറിയപ്പെടുന്ന ബൈസരൻ പുൽമേടയിൽ പോയിട്ടുള്ളവർ ഞെട്ടലോടെയായിരിക്കും കഴിഞ്ഞ ദിവസം നടന്ന കൂട്ടക്കുരുതിയെ കുറിച്ച് ഓർത്തിട്ടുണ്ടാവുക. അത് തങ്ങൾ ആവുമായിരുന്നില്ലേ എന്നോരോരുത്തരും ഉൾകിടിലത്തോടെ ചിന്തിച്ചിട്ടുണ്ടാവും. 2024 ഒക്ടോബറിലെ ഒരു പ്രഭാതത്തിൽ സുഹൃത്തുക്കളായ പ്രകാശിനോടും , കൃഷ്ണകുമാറിനോടും പിന്നെ കാശ്മീരിൽ വച്ച് പരിചയപ്പെട്ട നാലഞ്ചു മലയാളി ചെറുപ്പക്കാരോടും ഒപ്പം ചെങ്കുത്താതായതും വൃക്ഷങ്ങൾ നിറഞ്ഞതുമായ ആ വലിയ പർവ്വതം കുതിരപ്പുറത്തിരുന്നു കയറുമ്പോൾ ഭീകരർ ആക്രമിക്കുമോ എന്ന ഭീതി ഒരിക്കലും മനസിലേക്ക് കടന്നു വന്നില്ല. അത്രക്ക് വിശ്വാസം ആയിരുന്നു പട്ടാളത്തിലും കേന്ദ്ര ഭരണത്തിലും. വെടിയൊച്ചകൾ നിലച്ച നാളുകളിൽ ധാരാളം യാത്രക്കാർ പ്രാണഭയം ഇല്ലാതെ അവിടേക്ക് വന്നു കൊണ്ടിരുന്നു. എല്ലായിടത്തും നല്ല സുരക്ഷിത ബോധം അനുഭവപ്പെട്ടു. എല്ലാവരും ഉത്സാഹഭരിതരായിരുന്നു. കുതിര വാടകക്ക് കൊടുക്കുന്നവർ, ഹോട്ടലുകാർ, ടൂർ ഗൈഡുകൾ, കർഷകർ, ഡ്രൈവർമാർ, പൂ വിൽക്കുന്നവർ എന്ന് വേണ്ട സമൂഹത്തിലെ ചെറുതും വലുതുമായ എല്ലാവരും ഒത്തൊരുമിച്ച് തിരക്ക് പിടിച്ച ദിവസങ്ങളിൽ തങ്ങളുടെ ജോലിയിൽ ഏർപ്പെട്ടു കൊണ്ടേയിരുന്നു. പക്ഷെ ഒരു കൂട്ടർ മാത്രം ദുഖിതർ ആയിരുന്നു . അത് കശ്മീരിലെ രാഷ്ട്രീയക്കാർ ആയിരുന്നു. ഭരണഘടനയിലെ 370 എന്ന വകുപ്പ് എടുത്ത് കളഞ്ഞതും രാഷ്ട്രപതി ഭരണം നിലനിൽക്കുന്നതും അവരെ അപ്രസക്തർ ആക്കി. ഇന്ത്യയുടെ മുക്കിലും മൂലയിലും ജനാധിപത്യം തകർന്നു എന്ന് പ്രതിപക്ഷ കക്ഷികളുടെ സഹായത്തോടെ മുറവിളി കൂട്ടി അവസാനം തിരഞ്ഞെടുപ്പ് നടത്തിച്ചു അവർ ഭരണത്തിൽ വന്നു. അതോടെ പട്ടാളത്തിന്റെ പിടി അൽപ്പം അയഞ്ഞു. ഭീകരർക്ക് അത് വലിയ അവസരം ആയി. അവർ തോക്കുമായി മലയിറങ്ങി വന്ന് പത്ത് മുപ്പതോളം വരുന്ന സഞ്ചാരികളെ വെടി വച്ച് കൊന്നു. ഇന്ത്യയിലെ ജനങ്ങൾ തരിച്ചു നിന്ന നിമിഷം. വിശ്വസിക്കാനാവാതെ ഓരോരുത്തരും മുഖാമുഖം നോക്കി. കാശ്മീരിൽ കൂടുതൽ ആയി കാണുക മുസ്ലീങ്ങളെ ആണ്. നല്ല സ്നേഹ സമ്പന്നർ ആയ ഭായിമാർ ആണവർ. തന്റെ കസ്റ്റമറെ ഭീകരനിൽ നിന്നും രക്ഷിക്കാൻ ശ്രമിച്ചു രക്ത സാക്ഷിയായ ആദിലിനെ പോലെ. മുസ്ലീമായ ഞങ്ങളുടെ ഡ്രൈവറിൽ പണ്ഡിറ്റ് വിരോധം ഉണ്ടോ എന്നറിയാൻ നടത്തിയ ചോദ്യത്തിന് കിട്ടിയ മറുപടി " ഭായി അവർ ഞങ്ങൾക്ക് സഹോദരങ്ങൾ ആണ്. വീണ്ടും അവർ ഈ വാലിയിലേക്ക് വരാൻ ഞങ്ങൾ കാത്തിരിക്കുക ആണ്. ഭീകരർ ഒതുങ്ങിയ ഈ അന്തരീക്ഷത്തിൽ ഇനി അവർ മടങ്ങി വരും " എന്ന പ്രതീക്ഷയാണ് അയാൾ പങ്കു വച്ചത് . എന്നാൽ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിൽ കാശ്മീരിനെ പ്രതിയുള്ള വർഗീയ സംഘർഷങ്ങൾ നടക്കുന്നു. കശ്മീരിലെ കൂട്ടക്കൊലയുടെ പശ്ചാത്തലത്തിൽ, അവിടെ ഒരു കുഴപ്പവും ഇല്ല എന്ന് പറയാതെ ബന്ധപ്പെട്ടവരെ ചർച്ചക്ക് വിളിച്ച് പ്രശ്നം പരിഹരിക്കാനാണ് പ്രധാന പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികൾ കേന്ദ്രത്തിനു കൊടുക്കുന്ന താക്കീത് . പാകിസ്ഥാനും, ഭീകരരും ഇതേ താക്കീതാണ് ഇന്ത്യക്ക് കൊടുക്കുന്നത്. 370-)0 വകുപ്പ് പുനർസ്ഥാപിക്കണം എന്നാണ് അവരുടെ ആവശ്യം. ചിലർക്ക് ഈ കൊലക്കു പിന്നിൽ RSS ആണ് എന്ന അഭിപ്രായവും ഉണ്ട്. രാജ്യത്തിന്റെ സുരക്ഷക്ക് ഭീഷണി ആകുന്ന കാര്യങ്ങൾ വരുമ്പോൾ ഇടുങ്ങിയ രാഷ്ട്രീയ ലാഭങ്ങൾക്ക് വേണ്ടി ശ്രമിക്കാതെ സർക്കാരിനോട് ചേർന്ന് നിന്ന് പ്രശ്നങ്ങൾ പരിഹരിക്കാൻ നോക്കുക ആണ് പ്രതിപക്ഷ പാർട്ടികൾ ചെയ്യേണ്ടത്. അല്ലെങ്കിൽ ഭരണം ഇനി ഒരിക്കലും രുചിക്കാൻ പറ്റാത്ത മധുരക്കനിയായി അവശേഷിക്കും.