2024, ഒക്‌ടോബർ 18, വെള്ളിയാഴ്‌ച

സർക്കാർ ജീവനം

സ്വകാര്യ മേഖല അത്ര കണ്ടു ശക്തമല്ലാതിരുന്ന ഒരു കാലത്ത് സാധാരണക്കാരന്റെ ഏറ്റവും വലിയ സ്വപ്നം ഒരു സർക്കാർ ജോലി നേടുക എന്നതായിരുന്നു. ലക്ഷക്കണക്കിനാളുകൾ ഭാഗ്യം പരീക്ഷിക്കുന്ന ഈ മത്സര പരീക്ഷകളിൽ ഇരുന്നൂറോ , മുന്നൂറോ പേർക്കായിരിക്കും ഭാഗ്യദേവതയുടെ കടാക്ഷം ഉണ്ടാവുക. ബാക്കിയുള്ളവർ അടുത്ത ടെസ്‌റ്റിനും , അതും കിട്ടിയില്ലെങ്കിൽ കൂലിപ്പണിയിലും , അന്യദേശങ്ങളിൽ ജോലിഅന്വേക്ഷിച്ച് പോകലിലും , രാഷ്ട്രീയത്തിലും ഒക്കെ ചെന്നെത്തുക ആണ് പതിവ്. മത്സര പരീക്ഷകൾക്ക് പരിശീലനം കൊടുക്കുന്ന സ്ഥാപനങ്ങൾ ഒന്നും ഇല്ലാതിരുന്ന ഒരു കാലത്ത് ഒന്നാം ക്ലാസ്സ് മുതൽ അടുക്കും ചിട്ടയോടും കൂടി പഠിച്ച് ക്ലാസ്സിൽ ഒന്നാം നിരയിൽ നിൽക്കുന്നവർക്കായിരിക്കും മിക്കവാറും സർക്കാർ ജോലികൾ ലഭിക്കുക. ഏതാണ്ട് എല്ലാവരും തന്നെ മിഡിൽ ക്ലാസ്സോ അതിൽ താഴെയോ നിലയിൽ ഉള്ളവരും ആയിരിക്കും. എഴുത്തും വായനയും അറിയാത്ത വെറും സാധാരണ ജനങ്ങളും, ജോലി കിട്ടാത്ത അഭ്യസ്ത വിദ്യരും , രാഷ്ട്രീയക്കാരും , അന്യനാടുകളിൽ ജോലി ചെയ്യുന്നവരും , സർക്കാർ ജീവനക്കാരും അടങ്ങുന്ന നമ്മുടെപോലെ ഒരു സമൂഹത്തിൽ സ്ഥിരം ജോലി ഉള്ള സർക്കാർ ജോലിക്കാരോട് എന്നും ഒരു വെറുപ്പ് സമൂഹത്തിൽ നിലനിന്നിരുന്നു. ഓട്ടത്തിൽ പിഴച്ചവന്റെ നീരസം മാത്രമല്ല ഇതിനു കാരണം സർക്കാർ ജോലിക്കാരന്റെ പെരുമാറ്റവും അഹങ്കാരവും ഒക്കെ ഇതിന്റെ പിന്നിലുണ്ട് . എന്നാൽ ഓട്ടത്തിൽ പിന്നിൽ ആയാലും രാഷ്ട്രീയത്തിൽ ചെന്ന് പെട്ട മിടുക്കന്മാർ ഒന്നാം ബഞ്ചിലെ ബുദ്ധിരാക്ഷസന്മാരേക്കാൾ വേഗം വളർന്ന് ഭരണാധിപന്മാർ ആയി മാറുന്നതിലൂടെ ഉദ്യോഗസ്ഥരുടെ മേൽ അധികാരം എന്ന മധുര പ്രതികാരത്തിലൂടെ സംതൃപ്തരാകുന്നു. ഈ രണ്ടു കൂട്ടരും കൈകോർത്ത് നിന്നുകൊണ്ട് ജനത്തെ വലക്കുന്ന ഒരു ഒരു കൂട്ടുകെട്ട് രൂപപ്പെടുന്നു. അതിന്റെ ചേരുവകളിൽ പെടുന്നതാണ് മതവും ജാതിയും ഒക്കെ. സർക്കാർ സർവീസിലെ ഏറ്റവും വലിയ വില്ലൻ കൈക്കൂലി ആണ്. ജോലി കിട്ടും മുമ്പ് ആദർശം പറയുന്ന പലരും കൈക്കൂലിക്ക് സാധ്യതയുള്ള സർവീസിൽ എത്തുമ്പോൾ അതെല്ലാം സൗകര്യപൂർവം മറക്കും. ഒരിക്കൽ വാങ്ങിയാൽ പിന്നെ അറപ്പു മാറും. ജോലിക്കാർ ഒന്നും രണ്ടും വാങ്ങുമ്പോൾ രാഷ്ട്രീയക്കാർ പത്തും പന്ത്രണ്ടുമാണ് വാങ്ങുന്നത്. പരസ്പരം സഹകരിച്ച് ഈ അച്ചുതണ്ടു ശക്തി മുന്നോട്ടു പോകുമ്പോൾ അതിന്റെ സംരക്ഷകർ ആയി കഥ അറിയാത്ത പാർട്ടി പ്രവർത്തകരും , സാധാരണ ജനങ്ങളും ഒക്കെയുണ്ടാകും. തന്മൂലം പടുത്തുയർത്തുന്ന നിർമിതികൾ പലതും ഉത്‌ഘാടനം കഴിയുന്നതോടെ നിലം പൊത്തുന്ന കാഴ്ച നമ്മൾ കാണുന്നതാണ്. എന്നാൽ ഇവിടെ രാഷ്ട്രീയക്കാർ , സ്വാധീനത്തിന്റെയും, പണത്തിന്റെയും, അണികളുടെ ശക്തിയുടെയും ബലത്തിൽ രക്ഷപെടുമ്പോൾ കുരുക്കിൽ വീഴുന്നത് ഉദ്യോഗസ്ഥൻ മാത്രമാണ്. ജോലി നഷ്ട്ടപെടുന്നതിലും, ആത്മഹത്യയിലും , ജയിലിലും ഒക്കെയാണ് അവരുടെ ഈ യാത്ര അവസാനിക്കുന്നത്. സർവ്വീസ് രഷ്ട്രീയം ആണ് മറ്റൊരു വില്ലൻ. സ്വതന്ത്ര സംഘടനകൾ എന്നൊന്നില്ല . ഏതെങ്കിലും രാഷ്ട്രീയപാർട്ടികളുടെ പോഷക സംഘടനയാണ് പലതും. മാസാമാസം പിരിവു കൊടുത്തും , ഇലക്ഷൻ ഫണ്ട് നൽകിയും, സമരങ്ങൾ നടത്തിയും മുന്നോട്ടു പോകുന്ന ഈ സംവിധാനം പലപ്പോഴും ചെയ്യുന്ന പ്രധാന പണി തങ്ങളുടെ രാഷ്ട്രീയനിലപാടിന് വിരുദ്ധമായ നിലപാട് സ്വീകരിക്കുന്നവരെ പീഡിപ്പിക്കുക, സ്ഥലം മാറ്റുക , സസ്‌പെൻഡ് ചെയ്യുക എന്നിവയൊക്കെയാണ്. ജോലി ചെയ്യാതിരിക്കുന്ന അണികൾക്ക് സംരക്ഷണവും, ആവശ്യപ്പെടുന്ന സ്ഥലത്തേക്ക് സ്ഥലം മാറ്റവും ഒക്കെ ഈ സ്‌കീമിൽ പെടുന്നതാണ്. എതിർ രാഷ്ട്രീയ പാർട്ടി അധികാരത്തിൽ ഇരിക്കുമ്പോൾ അവകാശങ്ങൾക്കു വേണ്ടി പോരാടുന്നതും, തങ്ങളുടെ പാർട്ടി വരുമ്പോൾ സാധാരണ ജനങ്ങളെ ഓർത്തു സഹതപിക്കുന്നതും ഒക്കെ ഈ നാടകത്തിന്റെ ഭാഗം തന്നെ ആണ്. വലിയ മിടുക്കന്മാരായി ലക്ഷങ്ങളെ മറികടന്നു സർവീസിൽ എത്തിയ ഈ ബുദ്ധിരാക്ഷസന്മാർ തനി മന്ദബുദ്ധികളായും മേലുദ്യോഗസ്ഥന്റെയും , രാഷ്ട്രീയക്കാരുടെയും അടിമകൾ ആയും മാറുന്ന കാഴ്ച വളരെ ദയനീയമാണ്. സർക്കാർ ഉദ്യോഗസ്ഥൻ ജനങ്ങളുടെ ദാസൻ ആണ് എന്നൊരു പറച്ചിൽ ഉണ്ട് . ജനം ജോലിക്കെടുക്കുന്ന ആളാണ് സർക്കാർ ജോലിക്കാരൻ. ജോലിക്കെടുക്കുന്ന ആളെ ദാസൻ ആയി ആരും കാണാറില്ലല്ലോ. ഭരണാധിപന്മാരും ഇങ്ങനെ പറഞ്ഞു കേൾക്കാറുണ്ട്. ജനത്തിന്റെ ദാസൻ അല്ല ജനത്തിന്റെ പ്രതിനിധി ആണ് രാഷ്ട്രീയക്കാർ ആവേണ്ടത്. ഉത്തര വാദിത്തം ഉള്ള പ്രതിനിധികൾ. ഈ ദാസന്മാരുടെ അടുത്ത് മീഡിയ ഇല്ലാതെ ഒന്ന് പോയി നോക്കിയാൽ കാണാം ശരിയായ നിറം. ഉദ്യോഗസ്ഥന്മാർ നിയമം നോക്കി പ്രവർത്തിക്കേണ്ടവർ ആണ്. രാഷ്ട്രീയക്കാർ പറയുന്നിടത്ത് ഒപ്പു വയ്‌ക്കേണ്ട പാവകൾ അല്ല. മേലുദ്യോഗസ്ഥന്റെയും , രാഷ്ട്രീയക്കാരുടെയും അടിമകൾ ആകാതെ കൂടെ ജോലി ചെയ്യുന്നവരെയും , ജനങ്ങളെയും ചേർത്തുപിടിച്ച് നിയമാനുസരണം പ്രവർത്തിക്കുക ആണ് ഓരോ ജീവനക്കാരനും ചെയ്യേണ്ടത്. സ്വന്തം മനസാക്ഷിയെ പണയപ്പെടുത്താതെ ജോലി ചെയ്യുമ്പോൾ ഏത് ആരോപണത്തെയും നേരിടാനുള്ള ശക്തി ലഭിക്കും. ജോലി കിട്ടിയ നാൾ മുതൽ അടിമ സമാന ജീവിതം നയിക്കുന്ന സർക്കാർ സർവീസ് ഉപേക്ഷിച്ച് മികവിന് ആദരവ് നൽകുന്ന സ്വകാര്യ മേഖല അന്യോഷിച്ചു പോകുന്ന ഒരു തലമുറയാണ് ഇന്ന് കടന്നുവരുന്നത് .