കൊച്ചു വലിയ സര്കീട്ടുകളും കാഴ്ചകളും അതിനിടയില്‍ ആവശ്യത്തിനു തമാശും അനവരതം തീനും പാനീയങ്ങളും എല്ലാം കൂടി ചേര്‍ന്ന കമ്പനിയില്‍ പെട്ട ഏവര്‍ക്കും സു സ്വാഗതം. കാല ദേശ ഭേദമില്ല വെട്ടു വഴിയും രാജ പാതയുമില്ല തട്ട് കടയും അഞ്ചു നക്ഷത്രോം ഇല്ല...കണ്ടതും കേട്ടതും തിന്നതും കുടിച്ചതും ഒപ്പം പറ്റിയ അബദ്ധങ്ങളും പരസ്പരം ഇവിടെ കുറിയ്ക്കാം...ചില്ലറ പാചക വിധികളും.. കോക്ക് ടെയിലുകളും കൂടി ആയാല്‍ ശാപ്പാട്ട് രാമന് ഒരു ഏമ്പക്കം കൂടി....
2022, മേയ് 9, തിങ്കളാഴ്‌ച
ശാസ്ത്രവും മതവും
ശാസ്ത്രവും മതവും രണ്ടു വിരുദ്ധ ചേരിയിൽ നിൽക്കുന്നതായി പൊതുവെ നിരീക്ഷിക്കപെടാറുണ്ട്. എന്നാൽ ഇത് അത്ര കണ്ടു ശരിയല്ല എന്നതാണ് സത്യം. വിരുദ്ധ ചേരിയിൽ അല്ല എന്ന് മാത്രമല്ല അവ തമ്മിൽ നല്ല പൊരുത്തവും ഉണ്ട് താനും. രണ്ടിന്റെയും അന്വേക്ഷണം ഒന്ന് തന്നെ ആണ്. പരമമായ സത്യം. ശാസ്ത്രം ആ അന്വേക്ഷണം തുടർന്ന് കൊണ്ടിരിക്കുമ്പോൾ മതം അത് കണ്ടെത്തിയിരിക്കുന്നു എന്നതാണ് വ്യത്യാസം. മതങ്ങളെ സംബന്ധിച്ച് പരമമായ സത്യം ഒന്ന് മാത്രമേ ഉള്ളൂ. അത് ദൈവം ആണ്. തൂണിലും തുരുമ്പിലും മതം ദൈവത്തെ കണ്ടെത്തുന്നു. എന്നാൽ ശാസ്ത്രത്തിനു ഇത് പോരാ. അത് എപ്പോഴും അന്വേക്ഷണത്തിലാണ്. പരമമായ സത്യം ഒന്നേ ഉള്ളൂ എന്നുശാസ്ത്രവും കണ്ടെത്തിയിട്ടുണ്ട്.
പ്രശസ്തരായ ശാസ്ത്രജ്ഞൻമാർ ആരും തന്നെ ദൈവത്തെ തള്ളി പറയുന്നില്ല എന്ന് കാണാം. ഭൗതീക ശാസ്ത്രത്തിന് ഒരു ഉണർവ് ഉണ്ടായത് ന്യൂട്ടന്റെ ചലന നിയമങ്ങളുടെ വരവോടെ ആണ്. കാർട്ടീഷ്യൻ ജാമിതിയുടെ സഹായത്തോടെ വസ്തുവിന്റെ വേഗവും സ്ഥാനവും സമയവുമായി ബന്ധപ്പെടുത്തി നിർണ്ണയിക്കാൻ കഴിയുമെന്ന് വന്നതോടെ ശാസ്ത്രത്തിനു ഒരു പുതിയ ദിശാബോധം വന്നു. പദാർത്ഥം (matter) ചലിക്കാൻ തുടങ്ങിയത് മുതൽ ആണ് ന്യൂട്ടന്റെ ഭൗതീക ലോകം ജനിക്കുന്നത്. എന്നാൽ ആരാണ് പദാർത്ഥത്തെ ചലിപ്പിച്ചത് എന്നിടത്തു മെറ്റാഫിസിക്‌സും ജനിക്കുന്നു. ന്യൂട്ടൻ ഒരു ക്രിസ്തുമത വിശ്വാസി ആയിരുന്നു. ആ വിശ്വാസത്തിൽ അദ്ദേഹം മരിക്കുകയും ചെയ്തു. എന്നാൽ ന്യൂട്ടോണിയൻ മെക്കാനിക്സിന്റെ ചിറകിൽ കയറി ഭൗതീകവാദ ചിന്തകൾ ലോകമെങ്ങും പറന്നിറങ്ങി . ആകാശ ഗോളങ്ങളുടെ സ്ഥാനവും ചലനവും നിർണയിച്ച കെപ്ലറും ദൈവ വിശ്വാസി ആയിരുന്നു. ഭൗതീക ലോകത്തിന്റെ എല്ലാ കാരണങ്ങൾക്ക് പിന്നിലും ദൈവമാണെന്ന് അദ്ദേഹം കരുതി. ശാസ്ത്രത്തിനു പിന്നീട് ഒരു ദിശാ വ്യതിയാനം വന്നത് ഐൻസ്റ്റീന്റെ വരവോടെ ആണ്. ന്യൂട്ടന്റെ ചലന നിയമങ്ങളെ ആപേക്ഷിക സിദ്ധാന്തത്തിന്റെ പുതിയ തലത്തിലേക്ക് അദ്ദേഹം കൊണ്ട് വന്നു. ഒരു ജൂതൻ ആയിരുന്ന ഐൻസ്റ്റീൻ പക്ഷെ ജൂത ദൈവത്തിൽ വിശ്വസിച്ചില്ല. ലോകം മുഴുവൻ ഈശ്വര മയം എന്ന ഒരു പാന്തീയിസ്റ്റ് കാഴ്ചപ്പാടായിരുന്നു അദ്ദേഹത്തിന്റേത്. ക്വാണ്ടം ഭൗതീക ശാസ്ത്രത്തിന്റെ ഉപജ്ഞാതാക്കളിൽ ഒരാളായ ഹെയ്‌സൻബർഗ് പറയുന്നത് ഭൗതീക ശാസ്ത്രം ആകുന്ന ഗ്ലാസിൽ നിന്നും പാനം തുടങ്ങുമ്പോൾ എല്ലാവരും നിരീശ്വരവാദികൾ ആയിരിക്കുമെന്നും എന്നാൽ ഗ്ലാസിന്റെ അടിയിൽ എത്തുമ്പോൾ ദൈവം ഒരു പുഞ്ചിരിയോടെ നമ്മെ അവിടെ കാത്തിരിപ്പുണ്ടാകും എന്നുമാണ് . മാക്സ് പ്ലാങ്കും നല്ല ഒരു ദൈവ വിശ്വാസി ആയിരുന്നു. എന്നാൽ നീൽസ് ബോർ മതത്തിലും ദൈവത്തിലും വിശ്വസിച്ചില്ല. അദ്ദേഹം അത്തരം കാര്യങ്ങളിൽ ഉപനിഷത്തുകളിലെ പോലെ ചോദ്യങ്ങൾ ചോദിച്ചു കൊണ്ടേയിരുന്നു. ഭൂമിയിലെ സമസ്യകൾ കൂട്ടി വായിക്കാൻ സത്യത്തിൽ നമുക്ക് ഈശ്വരൻ കൂടിയേ കഴിയൂ. പദാർത്ഥമാണ്, അല്ലെങ്കിൽ ഊർജമാണ് പരമമായ സത്യം എന്ന് വരുമ്പോൾ ആരാണ് പദാർത്ഥത്തെ സ്സ്രഷ്ട്ടിച്ചത് , അല്ലെങ്കിൽ ഈ ഊർജത്തിന്റെ ഒക്കെ ഉറവിടം എവിടെ എന്ന ചോദ്യത്തിന് മുമ്പിൽ മിക്ക നിരീശ്വര വാദ ചിന്തകളും സുല്ലിടുക ആണ് പതിവ്. എന്നാൽ എന്താണ് ദൈവം ആരാണ് ദൈവം എന്നിടത്ത് ആണ് എല്ലാവരും വ്യത്യസ്തരാകുന്നത്. ആ ചോദ്യത്തിന് മുമ്പിൽ ഉത്തരമായി ഓരോ മതക്കാരും അവരവരുടെ ദൈവത്തെ കൊണ്ട് വന്നു നിർത്തും. ആകാശത്തിന്റെ അനന്തതയിൽ ഇരുന്നു ഭൂമിയിലെ എല്ലാ സംഭവങ്ങളും നോക്കിക്കാണുകയും നിയന്ത്രിക്കുകയും ചെയ്യുന്ന ഒരു ദൈവത്തെ ആണ് എല്ലാവര്ക്കും മുന്നോട്ട് വയ്ക്കാനുള്ളത്. അനേകം ദൈവങ്ങൾ ഉണ്ടാകാനും പാടില്ല. എന്നാൽ ആർക്കും അവരവരുടെ ദൈവത്തെ കയ്യൊഴിയുവാനും കഴിയില്ല.
ബുദ്ധിക്ക് നിരക്കുന്ന ഒരു ദൈവ വിശ്വാസം എല്ലാവർക്കും ആകാം. ഇരുണ്ട നൂറ്റാണ്ടുകളിലെ പ്രാകൃത ദൈവ സങ്കൽപ്പത്തിൽ നിന്നും മാറി ചിന്തിക്കാൻ നമുക്ക് കഴിയേണ്ടിയിരിക്കുന്നു. ബൗദ്ധീകമായി നാം വളർന്നു കൊണ്ടിരിക്കുമ്പോൾ നമ്മുടെ ദൈവം മാത്രം ആ പ്രാകൃത കാലഘട്ടത്തിൽ കഴിയുന്നത് ഒരു കുറച്ചിൽ തന്നെ ആണ്. ഓരോ മത ഗ്രന്ഥത്തെയും നോക്കി കാണേണ്ടത് മനുഷ്യന്റെ ഓരോ കാല ഘട്ടത്തിലെയും ചിന്തകളുടെ ഒരു സങ്കലനം ആയിട്ടാണ്. കാലം മുന്നോട്ടു പോകുന്തോറും ചിന്തകളിൽ മാറ്റം വരുന്നുണ്ടെകിലും ദൈവത്തിന്റെ കാര്യത്തിൽ മാത്രം നമ്മൾ അപരിഷ്‌കൃതരായി പെരുമാറുന്നത് യുക്തി ഹീനമാണ്.
നമ്മളിൽ ഓരോരുത്തരിലും ഉയർന്ന മാനവിക ചിന്തകൾ ഉണ്ടാകേണ്ടിയിരിക്കുന്നു. നമ്മുടെ ദൈവത്തിന്റെ മഹത്വം വിളിച്ചു പറഞ്ഞു സാമൂഹിക ജീവിതം മോശമാക്കാതിരിക്കുവാൻ നോക്കുക. മതത്തെ രാഷ്ട്രീയവുമായി കൂട്ടി കെട്ടതിരിക്കുയും അതിന്റെ പേരിൽ ഭൂരി പക്ഷ ന്യൂന പക്ഷ അവകാശങ്ങൾ ഉന്നയിക്കാതിരിക്കുകയും ഒരു സ്വകാര്യ അനുഭവം മാത്രമായി അതിനെ കാണുകയും ചെയ്യുമെങ്കിൽ ഈ ലോകം അൽപ്പം കൂടി സുന്ദരമാകുമായിരുന്നു. അഥവാ നീതിമാനായ ഒരു ദൈവം മരണാന്തരം നമ്മെ കാത്തിരിപ്പുണ്ടെങ്കിൽ അദ്ദേഹം ആഗ്രഹിക്കുന്നതും അത് തന്നെ ആയിരിക്കും.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)