2020, ഓഗസ്റ്റ് 29, ശനിയാഴ്‌ച

കൊറോണക്കാലവും കുറെ ഓണസ്മരണകളും

 2020 ലെ ഓണം ഏതാണ്ട് തീരുമാനം ആയി. സോപ്പിട്ട്,മാസ്ക്കിട്ട് ,ഗ്യാപ്പിട്ട് ഓണം ആഘോഷിക്കാൻ സർക്കാർ അനുവാദം തന്നു കഴിഞ്ഞു. അതായത് ഓണത്തിന്റെ ആഘോഷങ്ങൾ ഇല്ലാതെ അവരവർ അവരവരുടെ  വീട്ടിൽ മാസ്കിടാതെ ,ഗ്യാപ്പിടാതെ ,സോപ്പിടാതെ ഓണം ആഘോഷിക്കാം.  അത്രകണ്ട് കൊറോണ  നമ്മുടെ സാമൂഹിക ജീവിതത്തെ ബാധിച്ച് കഴിഞ്ഞു. എങ്കിലും നമുക്ക് പരിഭവം ഇല്ല. കഴിഞ്ഞ രണ്ടു വർഷവും നമ്മൾ ഓണം ആഘോഷിച്ചില്ല. 2018 ലും , 2019 ലും വന്ന പ്രളയങ്ങൾ  നമുക്ക് പുതിയ പുതിയ അനുഭവങ്ങൾ തന്നു. പുതിയ പാഠങ്ങൾ  പഠിപ്പിച്ചു . പക്ഷെ അപ്പോഴും സാമൂഹിക ജീവിതം നമുക്ക് അന്യമായിരുന്നില്ല. എന്നാൽ കൊറോണ അതും നമ്മിൽ നിന്ന് തട്ടിയെടുത്തു . എങ്കിലും നമുക്ക് പരിഭവം ഇല്ല. സന്തോഷത്തോടെ ഓരോ മലയാളിയും ഓണം ആഘോഷിക്കാൻ തയ്യാറായിക്കഴിഞ്ഞു. മനസ്സിൽ ആയിരം ആർപ്പുവിളികളും ആയി നമ്മൾ മാവേലി വാണിരുന്ന ആ പഴയ കാലം ഓർത്തെടുക്കുന്നു. പ്രജകളെ കാണാൻ പാതാളത്തിൽ നിന്ന് വരുന്ന മാവേലിയെ ഓൺലൈൻ ആയി വരവേൽക്കാൻ നമ്മൾ തയ്യാറായി കഴിഞ്ഞു. ജാതി വ്യത്യാസം ഇല്ലാതെ എല്ലാ മലയാളിയും ഓണം ആഘോഷിക്കും. എവിടെ ആയിരുന്നാലും. കേരളത്തിന് പുറത്തായാൽ മലയാളിക്ക് ഓണം ഒരു ഗൃഹാതുരത്വമായി  അനുഭവപ്പെടും. വർധിച്ച ആവേശത്തോടെ ആയിരിക്കും അപ്പോൾ ഓണം ആഘോഷിക്കുന്നത് .

 

സത്യത്തിൽ എന്താണ് ഓണം? എന്നാണു കേരളീയർ ഓണാഘോഷം തുടങ്ങിയത്? ശരിക്കും ആരാണ് മാവേലി? വാമനൻ  തന്റെ ആദ്യ പാദത്താൽ  ഭൂമിയും രണ്ടാം പദത്താൽ ആകാശവും അളന്നു. മൂന്നാമത്തെ അടി എവിടെ അളക്കണം എന്ന് ചോദിച്ചപ്പോൾ തലയും കാണിച്ച് കൊടുത്തു മഹാബലി എന്നാണു കഥ. അത് സത്യമാണെങ്കിൽ മഹാബലി കേരളത്തിന്റെ മാത്രം രാജാവായിരിക്കില്ലല്ലോ .ലോകത്തിന്റെ മുഴുവനും ആയിരിക്കില്ലേ ? . പിന്നെ ഈ കേരളം മാത്രം എന്ത് കൊണ്ട് മഹാബലി സന്ദർശിക്കുന്നു? എന്ത് കൊണ്ട് തൊട്ടടുത്ത തമിഴ് നാട്ടുകാരും കന്നടക്കാരും ഓണം ആഘോഷിക്കുന്നില്ല ? ഇത്തരം ചോദ്യങ്ങൾ ഒന്നും നമ്മൾ ചോദിക്കാറില്ല. കാരണം ഓണം നമുക്ക് ഒരു വികാരം ആണ്. അതിന്റെ പേരിൽ അൽപ്പം അന്ധവിശ്വാസം സഹിക്കേണ്ടി വന്നാൽ അതിനും നമ്മൾ തയ്യാറാണ്. 

AD 800 ൽ കുലശേഖര പെരുമാളിന്റെ കാലം മുതലാണ് നമ്മൾ ഓണം ആഘോഷിച്ചു വരുന്നത് എന്ന് പറയപ്പെടുന്നു. എന്നാൽ കേരളത്തിന്റെ ചരിത്രം ചികഞ്ഞു  പോകുമ്പോൾ നമുക്ക് കാണാം പ്രാചീന കേരളം ഒരിക്കലും ഒരു കേന്ദ്രികൃത ഭരണത്തിന് കീഴിൽ വന്നിരുന്നില്ല എന്ന്. അഥവാ കേരളം എന്നത് ഏതാണ്ട് തീരപ്രദേശം മാത്രമായ ഒരു ഭൂപ്രദേശം ആയിരുന്നെന്നും. കൊടും കാടുകൾ നിറഞ്ഞ മലനാട്ടിലും ഇടനാട്ടിലും ജനപഥങ്ങൾ നന്നേ കുറവായിരുന്നു എന്നും നമുക്കറിയാം.

എങ്കിലും കേരളത്തിന്റെ മുക്കിലും മൂലയിലും വ്യത്യസ്ത രാജഭരണത്തിനു കീഴിൽ നമ്മൾ മലയാളികൾ ഓണം ആഘോഷിച്ചു.  വ്യത്യസ്തത ജാതി രാഷ്ട്രിയങ്ങളിൽ പദമൂന്നിയിരുന്നെങ്കിലും നമ്മുടെ ഇടയിൽ സാഹോദര്യം നില നിന്നിരുന്നു. ഓണക്കാലത്തെങ്കിലും. എന്നാൽ കാലം മാറി കഥ മാറി. ജീവിതത്തിന്റെ നിസാരത്വം എത്ര എന്ന് കൊറോണ നമുക്ക് കാണിച്ച് തന്ന ഈ കാലത്തും പരസ്പരം കൊത്തിപ്പറിക്കാൻ തയ്യാറായി നിൽക്കുകയാണ് നമ്മൾ. എങ്കിലും ഇനിയും വറ്റാത്ത നന്മയുടെ ഉറവകൾ അവശേഷിച്ചിട്ടുണ്ടാവും എന്ന വിശ്വാസത്തിൽ ഏവർക്കും ഓണാശംസകൾ.